മോസ്കോ: റഷ്യന്‍ സന്ദര്‍ശനത്തിനിടെ റഷ്യയുടെ ആണവ ബോംബറുകളും മറ്റ് യുദ്ധവിമാനങ്ങളും പരിശോധിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ (Kim Jong Un inspects Russian Nuclear Bombers During Russia Visit). ട്രെയിനിൽ റഷ്യയിലെ ആർട്ടിയോം നഗരത്തിൽ എത്തിയ കിം തുടര്‍ന്ന് വ്ലാഡിവോസ്റ്റോക്കിന് പുറത്തുള്ള ഒരു വിമാനത്താവളത്തിലേക്ക് യാത്ര ചെയ്‌തു. ഇവിടെ വച്ചാണ് കിം ജോങ് ഉൻ വിമാനങ്ങള്‍ പരിശോധിച്ചത്. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവും റഷ്യയുടെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഈ സമയം കിമ്മിനൊപ്പമുണ്ടായിരുന്നു.
യുക്രൈനിലേക്ക് നിരന്തരം ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ച Tu-160, Tu-95, Tu-22 ബോംബറുകൾ ഉൾപ്പെടെ കിമ്മിനെ കാണിച്ച എല്ലാ റഷ്യൻ യുദ്ധവിമാനങ്ങളും യുക്രൈൻ യുദ്ധത്തിൽ സജീവമായി ഉപയോഗിച്ചവയാണ്. റഷ്യയുടെ ഏറ്റവും പുതിയ ഹൈപ്പർസോണിക് മിസൈലുകളിലൊന്നായ കിൻസാലും സെർജി ഷോയിഗു കിമ്മിനെ കാണിച്ചതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതിനിടെ വ്ലാഡിവോസ്റ്റോക്കിൽ റഷ്യയുടെ പസഫിക് ഫ്ലീറ്റിലുള്ള പടക്കപ്പലുകളിലും, കൊംസോമോൾസ്ക്-ഓൺ-അമുറിലെ അത്യാധുനിക റഷ്യൻ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിലും കിം സന്ദര്‍ശനം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയില്‍ നിന്ന് ഉത്തര കൊറിയ എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിന്‍റെ സൂചകങ്ങളായാണ് ഈ സന്ദര്‍ശനങ്ങള്‍ വ്യാഖ്യാനിക്കപ്പെടുന്നത്.
അമേരിക്കയുമായി സംയുക്ത സൈനികാഭ്യാസത്തിലേര്‍പ്പെടുന്ന ദക്ഷിണ കൊറിയയുടെ നാവിക ശക്തിയെ നേരിടാൻ തന്‍റെ നാവിക സേനയെ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത കിം അടുത്തിടെ പലതവണ ഊന്നിപ്പറഞ്ഞിരുന്നു. റഷ്യയില്‍ നിന്ന് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ, ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ, അന്തർവാഹിനികൾ, സൈനിക നിരീക്ഷണ ഉപഗ്രഹങ്ങൾ എന്നിവ കരസ്ഥമാക്കാനും അവരുമായി സംയുക്ത നാവിക അഭ്യാസങ്ങൾ ആരംഭിക്കാനുമാണ് കിമ്മിന്‍റെ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.