മെക്‌സിക്കോ സിറ്റി : പ്രതിസന്ധികളെ മറികടന്ന് ഇച്ഛാശക്തിയോടെ മുന്‍പോട്ട് കുതിക്കുന്ന 11കാരി ലോകത്തിന്‍റെയാകെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. മെക്‌സിക്കോയിലെ പ്രോഡിജി അധാര പെരെസ് സാഞ്ചസാണ് ഈ കൊച്ചുമിടുക്കി. ആപേക്ഷികതാസിദ്ധാന്തത്തിന് രൂപം നൽകിയ ഭൗതികശാസ്‌ത്രജ്ഞന്‍ ആൽബർട്ട് ഐൻസ്റ്റീനെ 'മറികടന്നതിലൂടെ'യാണ് കുഞ്ഞ് സാഞ്ചസ ആഗോളജനതയുടെ കണ്ണിലുടക്കിയത്.
ഓട്ടിസത്തിന്‍റെ പേരിൽ സ്‌കൂളിൽ നിന്നും പലപ്പോഴായി സഹപാഠികളുടെ പരിഹാസത്തിനും മറ്റും ഇരയായെങ്കിലും ഇച്ഛാശക്തി കൈവിടാന്‍ ഈ മിടുക്കി തയ്യാറായിരുന്നില്ല. തന്‍റെ ലക്ഷ്യങ്ങളില്‍ മാത്രമായിരുന്നു ശ്രദ്ധയത്രയും. ഐൻസ്റ്റീനേക്കാൾ ഉയർന്ന ഐക്യു (Intelligence Quotient) ഉള്ള കുട്ടിയെന്ന റെക്കോഡാണ് അധാര പെരെസ് സാഞ്ചസ് സ്വന്തമാക്കിയത്. സമപ്രായക്കാർ ഹൈസ്‌ക്കൂൾ പോലും പൂർത്തിയാക്കിയിട്ടില്ലാത്തപ്പോൾ, അതിശയകരമെന്ന് പറയട്ടെ അധാര എഞ്ചിനീയറിങില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. ഇനി ലക്ഷ്യം നാസയുടെ ബഹിരാകാശയാത്രിക ആവുകയെന്നതാണ്.
പ്രാഥമിക വിദ്യാഭ്യാസം അഞ്ചാം വയസില്‍:മെക്‌സിക്കോ സിറ്റിയിലെ ത്ലാഹൗ എന്ന പ്രദേശത്താണ് കുഞ്ഞ് 'വലിയ' പ്രതിഭയുടെ സ്വദേശം. അഞ്ചാം വയസിലാണ് അധാര പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഒരു വർഷത്തിനുശേഷം മിഡില്‍, ഹൈസ്‌കൂള്‍ പഠനം പൂർത്തിയാക്കി. ഇപ്പോൾ, പെൺകുട്ടികൾക്കിടയിൽ ബഹിരാകാശ പര്യവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് മെക്‌സിക്കൻ ബഹിരാകാശ ഏജൻസിയില്‍ പ്രവർത്തിക്കുകയാണ് 'അദ്‌ഭുതക്കുട്ടി'.