ഒട്ടാവ: ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിന് (Hardeep Singh Nijjar Murder Case) പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാറാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോയുടെ (Canadian Prime Minister Justin Trudeau) ആരോപണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ പ്രതിഷേധ പ്രകടനവുമായി ഖാലിസ്ഥാന്‍ അനുകൂലികള്‍. കോണ്‍സുലേറ്റിന് മുന്നില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക കത്തിക്കുകയും ചവറ്റു കുട്ടയില്‍ എറിയുകയും ചെയ്‌തു. കാനഡയിലെ പ്രധാന നഗരമായ ടൊറന്‍റോയിലും സമാന സ്ഥിതിയാണ് നിലവിലുള്ളത് (Canadian Prime Minister Justin Trudeau's Allegation On Hardeep Singh Murder).
നിജ്ജാര്‍ കൊലപാതക കേസില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കാനഡയിലുടനീളമുള്ള നഗരങ്ങളില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധം ആസൂത്രണം ചെയ്‌തിട്ടുണ്ട്. അതിലൊന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലെ പ്രതിഷേധം.
കനത്ത സുരക്ഷയൊരുക്കി പൊലീസ് (Police Protection In Canda):വാന്‍കൂറിലെ സിഖുക്കാരുടെ പ്രതിഷേധത്തിന് മുന്നോടിയായി മേഖലയില്‍ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റിന് ചുറ്റുമുള്ള റോഡ് അടക്കുകയും ഹൗ സ്‌ട്രീറ്റിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രവേശന കവാടം ബാരിക്കേഡ് വച്ച് തടയുകയും ചെയ്‌തിരുന്നു. സംഭവത്തിന് പിന്നാലെ ഡബ്ല്യു കോര്‍ഡോവയ്‌ക്കും ഡബ്ല്യു ഹോസ്‌റ്റിങ്സ് സ്‌ട്രീറ്റിനും ഇടയിലുള്ള വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ടെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം നിലനില്‍ക്കുമെന്നും പൊലീസ് എക്‌സില്‍ കുറിച്ചിരുന്നു. പ്രതിഷേധം അവസാനിച്ചതോടെ റോഡ് ഗതാഗത യോഗ്യമായെന്നും പൊലീസ് എക്‌സില്‍ കുറിച്ചു.