കേരളം

kerala

ETV Bharat / international

യുക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ; 50 കോടി ഡോളറിന്‍റെ അധിക സഹായ പ്രഖ്യാപനം - അന്താരാഷ്‌ട്ര വാര്‍ത്തകള്‍

ശൈത്യകാലം മാറുന്ന മുറയ്‌ക്ക് യുദ്ധം തീവ്രമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഘട്ടത്തിലാണ് ബൈഡന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം

Joe Biden surprise visit to Kyiv ahead of Ukraine war anniversary  യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍  ബൈഡന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം  വൊളാഡിമിര്‍ സെലന്‍സ്‌കി  ജോ ബൈഡന്‍ കീവ് സന്ദര്‍ശനം  Joe Biden visit to Kyiv  Ukraine Russia war  യുക്രൈന്‍ റഷ്യ യുദ്ധം  അന്താരാഷ്‌ട്ര വാര്‍ത്തകള്‍  international news
Joe Biden

By

Published : Feb 20, 2023, 7:59 PM IST

കീവ് : യുക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. യുക്രൈന്‍ പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്‌കിയുമായി ബൈഡന്‍ തലസ്ഥാനമായ കീവില്‍ കൂടിക്കാഴ്‌ച നടത്തി. റഷ്യന്‍ അധിനിവേശത്തിന് ഒരു വര്‍ഷം തികയാന്‍ ഏതാനും ദിവസങ്ങള്‍ ശേഷിക്കെയാണ് നേരിട്ടെത്തി യുക്രൈന് ബൈഡന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

"അധിനിവേശം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ഇരിക്കുമ്പോള്‍ കീവ് ശക്തമായി നിലനില്‍ക്കുന്നു. യുക്രൈന്‍ നിലനില്‍ക്കുന്നു. ജനാധിപത്യം നിലനില്‍ക്കുന്നു" - കീവില്‍ വച്ച് ജോ ബൈഡന്‍ പ്രതികരിച്ചു. യുക്രൈന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ മാരിൻസ്‌കി കൊട്ടാരത്തില്‍ വച്ചായിരുന്നു ബൈഡന്‍-സെലന്‍സ്‌കി കൂടിക്കാഴ്‌ച. യുക്രൈന് 50 കോടി ഡോളറിന്‍റെ അധിക സഹായവും ബൈഡന്‍ സന്ദര്‍ശനത്തില്‍ പ്രഖ്യാപിച്ചു. റഷ്യയുമായുള്ള സംഘര്‍ഷത്തില്‍ യുക്രൈന് യുഎസിന്‍റേയും സഖ്യകക്ഷികളുടേയും സഹായം തുടര്‍ന്നും ഉണ്ടാകുമെന്നുള്ള ഉറപ്പും ബൈഡന്‍ നല്‍കി.

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടങ്ങിയതിന് ശേഷം ആ രാജ്യത്ത് ജോ ബൈഡന്‍റെ ആദ്യ സന്ദര്‍ശനമാണിത്.കീവില്‍ ബൈഡന്‍ എത്തിച്ചേരുന്നതിന് മുമ്പ് സന്ദര്‍ശനത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ കീവില്‍ ഒരു പ്രധാനപ്പെട്ട അതിഥി സന്ദര്‍ശനം നടത്തുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. യുക്രൈന്‍റെ അയല്‍ രാജ്യമായ പോളണ്ടില്‍ നിന്നാണ് അപ്രതീക്ഷിതമായി ബൈഡന്‍ യുക്രൈന്‍റെ തലസ്‌ഥാനമായ കീവിലേക്ക് യാത്ര തിരിച്ചത്.

സന്ദര്‍ശനം നിര്‍ണായക ഘട്ടത്തില്‍:യുദ്ധത്തിന്‍റെ നിര്‍ണായക ഘട്ടത്തിലാണ് ബൈഡന്‍റെ യുക്രൈന്‍ സന്ദര്‍ശനം. ശൈത്യകാലം മാറാന്‍ പോകുന്ന സാഹചര്യത്തില്‍ യുദ്ധത്തിന്‍റെ തീവ്രത വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ അവസരത്തില്‍ യുക്രൈന് തങ്ങളുടെ സഖ്യകക്ഷികളുടെ പിന്തുണ നിലനിര്‍ത്തുക എന്നത് ബൈഡന്‍റെ ലക്ഷ്യമാണ്.

തങ്ങള്‍ക്ക് വാഗ്‌ദാനം നല്‍കിയ ആയുധങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. കൂടാതെ യുദ്ധ വിമാനങ്ങള്‍ നല്‍കണമെന്ന ആവശ്യവും സെലന്‍സ്‌കി മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. അതേസമയം എത്രകാലം ആവശ്യമാണോ അത്രയും കാലം റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രൈനോടൊപ്പം യുഎസ് അണിനിരക്കും എന്നുള്ള സന്ദേശമാണ് കീവിലെ സന്ദര്‍ശനത്തിലൂടെ ബൈഡന്‍ നല്‍കാന്‍ ആഗ്രഹിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ABOUT THE AUTHOR

...view details