വാഷിംഗ്‌ടണ്‍ (യുഎസ്എ) : ആയുധ വില്‍പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയോ വാങ്ങാനുള്ള പ്രായം 18ല്‍ നിന്ന് 21ആയി ഉയര്‍ത്തുകയോ ചെയ്യേണ്ടതുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മാസികകള്‍ നിരോധിക്കുകയും പരിശോധനകളും നിയമങ്ങളും ശക്തമാക്കുകയും ആയുധ ഉത്പാദകരുടെ കരാറുകള്‍ റദ്ദാക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വര്‍ധിച്ചുവരുന്ന അക്രമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം തീരുമാനങ്ങള്‍ കുട്ടികളെയും കുടുംബങ്ങളെയും സമൂഹത്തെയും സംരക്ഷിക്കാനാണ്. ഇത് ആരുടേയും അവകാശങ്ങള്‍ നിഷേധിക്കാനല്ല. സ്‌കൂളിൽ പോകാനും കടയിൽ പോകാനും വെടിയേറ്റ് കൊല്ലപ്പെടാതെ പള്ളിയിൽ പോകാനുമുള്ള നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനം - അദ്ദേഹം പറഞ്ഞു.
Also Read അമേരിക്കയില്‍ വീണ്ടും വെടിവയ്‌പ്പ് ; അക്രമിയടക്കം 5 പേര്‍ കൊല്ലപ്പെട്ടു
മെയ് 24 ന് ടെക്‌സാസിലെ ഉവാൾഡിലെ റോബ് എലിമെന്‍ററി സ്‌കൂളിൽ നടന്ന കൂട്ട വെടിവയ്പ്പിൽ 19 കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. 17 പേർ കൊല്ലപ്പെട്ട ഫ്ലോറിഡയിലെ പാർക്ക്‌ലാൻഡിലെ മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്‌കൂളിൽ 2018-ൽ നടന്ന വെടിവെപ്പിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്‌തു.
മെയ് 31 ന്, ന്യൂ ഓർലിയാൻസിലെ ഒരു ഹൈസ്‌കൂളില്‍ ബിരുദദാന ചടങ്ങിനിടെയുണ്ടായ വെടിവയ്പ്പിൽ ഒരു വൃദ്ധ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മോറിസ് ജെഫ് ഹൈസ്‌കൂളിലെ ബിരുദധാരികൾ ഒത്തുകൂടിയ സേവ്യർ യൂണിവേഴ്‌സിറ്റി കാമ്പസില്‍ വെടിവയ്പ്പ് നടന്നതായി ന്യൂ ഓർലിയൻസ് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ജൂൺ 1 ന് ഒക്‌ലഹോമയിലെ തുൾസ നഗരത്തിലെ ആശുപത്രിയില്‍ ഉണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ വന്നിരുന്നു. യുഎസിൽ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേണിനോട് ആശയവിനിമയം നടത്തി. ന്യൂസിലാൻഡിലെ അക്രമങ്ങള്‍ക്കെതിരെ ജസീന്ത എടുത്ത നയങ്ങളെ അധികരിച്ചായിരുന്നു ചര്‍ച്ച.