ബാലി : ജിമ്മിലെ പരിശീലനത്തിനിടെ 210 കിലോയുള്ള ബാര്‍ബെല്‍ പതിച്ച് ഇന്തോനേഷ്യന്‍ ഫിറ്റ്‌നസ് ഇന്‍ഫ്ലുവന്‍സര്‍ (Indonesia Fitness Influencer) ജസ്റ്റിന്‍ വിക്കി (Justin Vicky) (33) മരണത്തിന് കീഴടങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ജൂലൈ 15ന് ബാലിയിലെ സനൂറിലുള്ള പാരഡൈസ് ജിമ്മില്‍ വച്ചായിരുന്നു ദാരുണമായ സംഭവം. ബാര്‍ബെല്‍ ഉയര്‍ത്തി സ്‌ക്വാട്ട് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ കഴുത്ത് ഒടിഞ്ഞതിനെ തുടര്‍ന്നായിരുന്നു ജസ്റ്റിന്‍റെ മരണം.
വ്യായാമം അല്ലെങ്കില്‍ വെയ്റ്റ് ലിഫ്‌റ്റ് ചെയ്യുന്ന സമയത്ത് ശരീരത്തിന് താങ്ങാന്‍ സാധിക്കുന്ന ഭാരം എത്രയാണ് എന്നതില്‍ ഒരു ധാരണ ഉണ്ടായിരിക്കണം. അതില്ലാത്തപക്ഷം ഇത്തരത്തിലുള്ള പരിശീലനങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തുന്നവയാണെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ തനിക്ക് ഉയര്‍ത്താന്‍ കഴിയുന്ന ഭാരത്തെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതുകൊണ്ടാകാം ജസ്റ്റിന്‍ വിക്കിക്ക് ഇങ്ങനെയൊരു അപകടം ഉണ്ടായതെന്ന് പ്രമുഖ ഫിസിയോ തെറാപ്പിസ്റ്റ് ജെഫ് കാവലിയർ (Jeff Cavaliere) പറഞ്ഞു.
'ദൃഢതയാണ് ശാരീരിക ബലത്തിന്‍റെ യഥാര്‍ഥ അടിത്തറ. അതുകൊണ്ട് തന്നെ ദൃഢതയില്ലാത്ത ശരീരത്തിനാണ് നിങ്ങള്‍ ശക്തിപകരാന്‍ ശ്രമിക്കുന്നതെങ്കില്‍ അതിന് ഭാവിയില്‍ വലിയ വിലയാണ് നല്‍കേണ്ടി വരിക. ഓരോ വ്യായാമത്തിലും നിയന്ത്രിക്കാനാകുന്ന ഭാരത്തിന്‍റെ ഉയർന്ന പരിധി വിലയിരുത്തണം.വളരെ ഭാരമുള്ളവയല്ല മറിച്ച്, ആവശ്യത്തിന് ഭാരമുള്ളവയാണ് നിങ്ങള്‍ ഉയർത്താന്‍ ശ്രമിക്കേണ്ടത്' - ജെഫ് കാവലിയർ പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയില്‍ ജസ്റ്റിന്‍ വിക്കി ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നത് കാണാന്‍ കഴിയും. 210 കിലോ ഭാരം ഉയര്‍ത്താനായിരുന്നു ഫിറ്റ്‌നസ് ഇന്‍ഫ്ലുവന്‍സറുടെ ശ്രമം. ഈ സമയം, ഇയാള്‍ക്ക് സഹായിയായി ഒപ്പം ഒരാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.