ടോക്കിയോ : ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പങ്കെടുത്ത പരിപാടിക്ക് നേരെ ബോംബാക്രമണം നടന്നതായി റിപ്പോർട്ട്. റാലിക്കിടെ ആക്രമണം നടന്നയുടൻ സുരക്ഷ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്‌ച പടിഞ്ഞാറൻ ജാപ്പനീസ് നഗരത്തിലെ തുറമുഖത്ത് കിഷിദയുടെ സന്ദർശത്തിനിടെ വലിയ സ്‌ഫോടനം നടന്നുവെന്നും ആർക്കും പരിക്കുകളില്ലെന്നും ജപ്പാനിലെ എൻഎച്ച്കെ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു.
കിഷിദയെ വകയാമ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. പ്രാദേശിക തെരഞ്ഞെടുപ്പിൽ തന്‍റെ ഭരണകക്ഷിയുടെ സ്ഥാനാർഥിയെ സന്തോഷിപ്പിക്കാൻ കിഷിദ വകയാമയിലെ സൈകാസാക്കി തുറമുഖം സന്ദർശിക്കുന്നതിനിടെയാണ് സംഭവം. അദ്ദേഹം പ്രസംഗം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സ്‌ഫോടനമുണ്ടായതെന്ന് എൻഎച്ച്‌കെ വ്യക്‌തമാക്കി.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ആൾക്കൂട്ടത്തിനിടയിലേക്ക് എന്തോ പറന്നുവന്നെന്നും പെട്ടെന്ന് വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിയുണ്ടായെന്നും കുടെയുണ്ടായിരുന്ന കുട്ടികളുമായി താന്‍ ഓടിരക്ഷപ്പെട്ടെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന യുവതി എൻഎച്ച്കെ ടെലിവിഷനോട് പറഞ്ഞു. സംഭവസ്ഥലത്ത് സ്‌ഫോടന സമാനമായ ശബ്‌ദം കേട്ടതായും സംശയാസ്‌പദമായ സാഹചര്യത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തതായും എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്‌തു.
ഒരാളെ അറസ്റ്റ് ചെയ്‌തുനീക്കുന്നതായുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒരാൾ മാത്രമാണ് സംഭവത്തിന് പിന്നിലുള്ളതെന്നാണ് സംശയിക്കുന്നതെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്‌തമാക്കി. മെയ് 19 മുതൽ 21 വരെ ഹിരോഷിമയിൽ നടക്കുന്ന ജി-സെവൻ (G7) ഉച്ചകോടിക്ക് മുന്നോടിയായുള്ള മന്ത്രിതല യോഗങ്ങളുടെ പരമ്പരയ്ക്ക് ഈ ആഴ്‌ച അവസാനത്തോടെ തുടക്കമാകും.