കേരളം

kerala

ETV Bharat / international

ജപ്പാനിൽ ശക്തമായ ഭൂചലനം: 7.6 തീവ്രത രേഖപ്പെടുത്തി, തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് - ജപ്പാനിൽ ഭൂചലനം

Japan earthquake and tsunami warning: ഇഷികാവ തീരത്തും ഹോൺഷു ദ്വീപിന്‍റെ പടിഞ്ഞാറൻ തീരത്തും സുനാമി മുന്നറിയിപ്പ്. ജനങ്ങളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നിർദേശം.

Japan earthquake  Japan tsunami warning  ജപ്പാനിൽ ഭൂചലനം  ജപ്പാനിൽ സുനാമി
Earthquake in Japan in the magnitude of 7.4 and tsunami warning issued

By ETV Bharat Kerala Team

Published : Jan 1, 2024, 3:09 PM IST

Updated : Jan 1, 2024, 3:54 PM IST

ടോക്കിയോ (ജപ്പാൻ): ജപ്പാനിൽ ശക്തമായ ഭൂചലനം. ഇഷികാവ തീരത്തും സമീപ പ്രദേശങ്ങളിലുമായി പ്രാദേശിക സമയം വൈകിട്ട് 4 മണിക്ക് ശേഷം ഭൂചലനങ്ങൾ ഉണ്ടായതായി ജപ്പാൻ കാലാവസ്ഥ ഏജൻസി റിപ്പോർട്ട് ചെയ്‌തു. റിക്‌ടർ സ്‌കെയിലിൽ 7.6 വരെ തീവ്രത രേഖപ്പെടുത്തിയതായാണ് വിവരം (Earthquake in Japan in the magnitude of 7.4 and tsunami warning issued).

ജാപ്പനീസ് പബ്ലിക് ബ്രോഡ്‌കാസ്റ്റർ എൻ എച്ച് കെ ടിവി 5 മീറ്റർ (16.5 അടി) വരെ ഉയരത്തിൽ തിരമാല വരാനിടയുണ്ടെന്ന് മുന്നറിയിപ്പ് (Japan earthquake and tsunami warning) നൽകിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഉയർന്ന പ്രദേശങ്ങളിലേക്കോ, അടുത്തുള്ള കെട്ടിടത്തിന്‍റെ മുകളിലേക്കോ എത്രയും വേഗം പലായനം ചെയ്യാൻ നിർദേശിച്ചു.

ഇഷികാവ തീരത്ത് സുനാമിക്കുള്ള വലിയ സാധ്യത കണക്കിലെടുത്ത് കൂടുതൽ മുൻകരുതലുകളെടുക്കാനും ഹോൺഷു ദ്വീപിന്‍റെ പടിഞ്ഞാറൻ തീരത്തെ ബാക്കി ഭാഗങ്ങളിൽ ഉള്ളവരോട് ശ്രദ്ധയോടെയിരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. നാശനഷ്‌ടങ്ങളുടെ കണക്കുകൾ നിലവിൽ ലഭ്യമല്ല.

സുനാമി തിരമാലകൾ മടങ്ങിയെത്താൻ സാധ്യതയുണ്ടെന്നും, മുന്നറിയിപ്പുകൾ സംപ്രേഷണം ചെയ്യുന്നത് ഇനിയും തുടരുമെന്നും എൻ എച്ച് കെ പറഞ്ഞു. ജപ്പാന്‍റെ പടിഞ്ഞാറെ തീരത്തുള്ള നിഗറ്റയിലും സമീപ പ്രദേശങ്ങളിലും 3 മീറ്ററോളം ഉയരത്തിൽ തിരമാലയ്‌ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ചെറിയ സുനാമി തിരമാലകൾ തീരപ്രദേശത്ത് എത്തിയതായി എൻ എച്ച് കെ റിപ്പോർട്ട് ചെയ്‌തിരുന്നു.

പ്രദേശത്ത് ടോക്യോ ഇലക്‌ട്രിക് പവർ കമ്പനിയെന്ന ആണവ നിലയം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തില്ലെന്നും പരിശോധിച്ചുവരികയാണെന്നും കമ്പനി ഓപ്പറേറ്റർ അറിയിച്ചു. ഭൂകമ്പ സാധ്യത വളരെ കൂടുതലുള്ള രാജ്യമാണ് ജപ്പാൻ.

2011 മാർച്ചിൽ റിക്‌ടർ സ്‌കെയിലിൽ 9 വരെ രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പവും അതിനെ തുടർന്ന് സുനാമിയും ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ആണവ നിലയത്തിൽ വലിയ കേടുപാടുകൾ സംഭവിച്ച് ദുരന്തത്തിന് ഇടയാക്കിയിരുന്നു.

Last Updated : Jan 1, 2024, 3:54 PM IST

ABOUT THE AUTHOR

...view details