ടോക്കിയോ :ജപ്പാനില്‍ ഈ വര്‍ഷം ഇതുവരെ ജനിച്ച കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവ്. കഴിഞ്ഞവര്‍ഷം ജപ്പാനില്‍ ജനനനിരക്കിലുണ്ടായ ഇടിവ് സര്‍വകാല റെക്കോഡായിരുന്നു. അതിലും കുറവായിരിക്കും, ഇതുവരെയുള്ള കണക്കിന്‍റെ അടിസ്ഥാനത്തില്‍ 2022ല്‍ രേഖപ്പെടുത്തുക എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും വിവാഹങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ കുട്ടികള്‍ ഉണ്ടാകാന്‍ ദമ്പതികളെ പ്രേരിപ്പിക്കുന്നതിനുമായി സമഗ്രമായ നടപടികള്‍ ഉണ്ടാവുമെന്നും ചീഫ് ക്യാബിനറ്റ് സെക്രട്ടറി ഹിരോകാസു മത്‌സുനൊ പറഞ്ഞു.
ഈ വര്‍ഷം ജനുവരി-സെപ്‌റ്റംബര്‍ കാലയളവില്‍ 5,99,636 കുട്ടികളാണ് ജപ്പാനില്‍ ജനിച്ചത്. ഇത് കഴിഞ്ഞവര്‍ഷം ജനിച്ച കുട്ടികളുടെ എണ്ണത്തേക്കാള്‍ 4.9 ശതമാനം കുറവാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞവര്‍ഷം ജനിച്ച 8,11,000 കുട്ടികളേക്കാള്‍ കുറവായിരിക്കും ഈ വര്‍ഷത്തെ കണക്കെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് ജപ്പാന്‍. എന്നാല്‍ ഉയര്‍ന്ന ജീവിതച്ചെലവും ശമ്പള വര്‍ധന നിരക്ക് സാവധാനമാണെന്നതും വെല്ലുവിളികളാണ്. ഗര്‍ഭ ധാരണ സമയത്തും, കുട്ടികളുടെ പരിപാലന വേളയിലും മറ്റും സബ്‌സിഡികള്‍ നല്‍കി ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ ദമ്പതികളെ പ്രേരിപ്പിക്കാനുള്ള ജപ്പാന്‍ സര്‍ക്കാറിന്‍റെ പദ്ധതികള്‍ അത്രകണ്ട് ഫലം കാണുന്നുമില്ല.
പല യുവാക്കളും വിവാഹം കഴിക്കാനോ കുട്ടികള്‍ ഉണ്ടാവാനോ ആഗ്രഹിക്കുന്നില്ല. കുട്ടികളുടെ ഭാവിക്കായുള്ള പണം സ്വരൂപിക്കാന്‍ ആവശ്യമായ നല്ല ജോലി ലഭിക്കുമോ എന്നുള്ള ആശങ്ക, കുട്ടികള്‍ ഉണ്ടായാല്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് ജോലിയില്‍ തുടരാന്‍ കഴിയുന്ന സൗഹൃദ സാഹചര്യമില്ലാത്ത കോര്‍പറേറ്റ് സംസ്‌കാരം എന്നിവയാണ് വിവാഹത്തില്‍ നിന്നും ജപ്പാനിലെ യുവാക്കളെ അകറ്റുന്നത് എന്നാണ് പല പഠനങ്ങളില്‍ നിന്നും വ്യക്തമായത്.
14 വര്‍ഷമായി ജപ്പാനില്‍ ജനസംഖ്യ കുറഞ്ഞ് വരികയാണ്. നിലവില്‍ 12 കോടി അമ്പത് ലക്ഷത്തിലധികമാണ് ജപ്പാന്‍റെ ജനസംഖ്യ. അത് 2060 ആകുന്നതോടുകൂടി എട്ട് കോടി 67 ലക്ഷമാകുമെന്നാണ് കണക്കാക്കുന്നത്. ജനസംഖ്യ കുറഞ്ഞ് വരുന്നതും അതില്‍ പ്രായമായവരുടെ ശതമാനം കൂടി വരുന്നതും സമ്പദ്‌വ്യവസ്ഥയ്‌ക്കും രാജ്യസുരക്ഷയ്‌ക്കും തന്നെ ദോഷമായി വരുന്ന സാഹചര്യമാണ് ഉള്ളത്.
കുറഞ്ഞ ജനന നിരക്കും ജനസംഖ്യ കുറഞ്ഞുവരുന്നതും ജപ്പാന്‍റെ ദേശീയ ശക്‌തി ക്ഷയിപ്പിച്ചേക്കാവുന്ന ഘടകങ്ങളാണെന്ന് സര്‍ക്കാര്‍ രൂപീകരിച്ച പാനല്‍ പ്രധാന മന്ത്രി കിഷിഡയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.