ജെറുസലേം :സെൻട്രൽ ഗാസ മുനമ്പിലെ രണ്ട് അഭയാർഥി ക്യാമ്പുകളിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ഞായറാഴ്‌ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു (Israeli Warplanes Hit Refugee Camps In Gaza Strip, Killing Scores).
ഗാസയ്‌ക്കെതിരായ നിരന്തരമായ ബോംബാക്രമണത്തിൽ നിന്നും വർധിച്ചുവരുന്ന സിവിലിയൻ മരണങ്ങളിൽ നിന്നും ശമനം ലഭിക്കുന്നതിനായി താത്‌കാലികമായി യുദ്ധം നിർത്തിവക്കാൻ അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് ആക്രമണം ഉണ്ടായത്. അതേസമയം പലസ്‌തീൻ പ്രസിഡന്‍റ് മഹമൂദ് അബ്ബാസുമായി നേരത്തെ പ്രഖ്യാപിക്കാത്ത കൂടിക്കാഴ്‌ചയ്ക്കായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ വെസ്‌റ്റ് ബാങ്കിലെ റാമല്ലയിലേക്ക് പോയിരുന്നു.
ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കുന്നതുവരെ താത്‌കാലിക വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ശഠിക്കുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇസ്രയേലിൽ ചർച്ച നടത്തിയതിന് ശേഷം ശനിയാഴ്‌ച ജോർദാനിൽ അറബ് വിദേശകാര്യ മന്ത്രിമാരുമായി ബ്ലിങ്കൻ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. അതേസമയം ഗാസയിലെ ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ പലസ്‌തീനികളുടെ മരണസംഖ്യ 9,700 ആയിട്ടുണ്ട്. അധിനിവേശ വെസ്‌റ്റ് ബാങ്കിൽ 140-ലധികം പലസ്‌തീനികൾ അക്രമത്തിലും ഇസ്രയേൽ റെയ്‌ഡുകളിലും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇവരിൽ മിക്കവരും മരണപ്പെട്ടത് ഒക്‌ടോബർ 7-ന് ഹമാസ് ആക്രമണം നടത്തിയപ്പോയാണ്. നിലവിൽ ഇസ്രയേലിൽ 1,400-ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. 242 ബന്ദികളെ ഇസ്രയേലിൽ നിന്ന് തീവ്രവാദി സംഘം ഗാസയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.