ഗാസ : ഗാസയിലേക്ക് പതിവായി ഇന്ധനം എത്തിക്കുന്നതിന് അനുമതി നൽകി ഇസ്രയേൽ സർക്കാർ (Israeli govt approves regular fuel deliveries to Gaza). ഇന്നലെ രണ്ട് ഇന്ധന ടാങ്കറുകൾ റാഫ ക്രോസിങ് വഴി ഗാസയിലേക്ക് പ്രവേശിച്ചു. 60,000 ലിറ്റർ ഡീസലാണ് ഗാസയിലേക്ക് എത്തിയത്.
ഗാസയിൽ ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. ഡീസാലിനേഷൻ വഴി ജലം ശുദ്ധീകരിച്ച് ജല വിതരണം ഉറപ്പാക്കാനും സീവേജ് സിസ്റ്റത്തെ പിന്തുണയ്‌ക്കാനുമായാണ് ഇന്ധനം ഉപയോഗിക്കുന്നത്. ഇന്ധനം യുഎൻ ദൗത്യങ്ങൾക്ക് മാത്രം ഉപയോഗിക്കണമെന്നാണ് ധാരണ. അതുകൊണ്ടുതന്നെ അമേരിക്കയും ഈജിപ്‌തുമായിരിക്കും ഇന്ധന ഉപയോഗത്തിന്‍റെ നേതൃത്വം വഹിക്കുക.
ദിവസേന രണ്ട് ടാങ്കറുകൾ ഗാസയിലേക്ക് പ്രവേശിക്കാനുള്ള അംഗീകാരമാണ് ഇസ്രയേൽ യുദ്ധ കാബിനറ്റ് നൽകിയത്. അംഗീകൃത നടപടി പ്രകാരം, ഓരോ 48 മണിക്കൂറിലും 1,40,000 ലിറ്റർ ഇന്ധനം ഗാസയിൽ പ്രവേശിക്കും. ഇതിൽ ഭൂരിഭാഗവും വെള്ളത്തിനും സീവേജ് സിസ്റ്റത്തെ പിന്തുണയ്‌ക്കുന്നതിനും വേണ്ടി നീക്കിവച്ചിരിക്കുകയാണ് എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കൂടുതലായുള്ള ഇന്ധനം യുഎൻ ദുരിതാശ്വാസ ഏജൻസി ട്രക്കുകൾ, മാലിന്യ നിർമാർജനം, ബേക്കറികൾ, തെക്കൻ ഗാസയിലെ ആശുപത്രികൾ എന്നിവടങ്ങളിലും ഉപയോഗപ്പെടുത്തും. ബാക്കിയുള്ള ഒരു ചെറിയ ഭാഗം, ഓരോ 48 മണിക്കൂറിലും ഏകദേശം 20,000 ലിറ്റർ അനുസരിച്ച് സെൽ ഫോണുകൾക്കും ഇന്‍റർനെറ്റ് സേവനങ്ങൾക്കുമായി ഉപയോഗിക്കും. ഇസ്രയേൽ പ്രതിരോധ സേനയുമായും ഇസ്രയേലിന്‍റെ ഇന്‍റർനാഷണൽ സെക്യൂരിറ്റി അക്കാദമിയുമായും കൂടിയാലോചിച്ചാണ് ഇന്ധനം ഗാസയിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.