കേരളം

kerala

ETV Bharat / international

ഭരണ സഖ്യം പിളര്‍ന്നു ; മൂന്ന് വര്‍ഷത്തിനിടെ അഞ്ചാം തെരഞ്ഞെടുപ്പിനൊരുങ്ങി ഇസ്രയേല്‍ - ഇസ്രയേലി രാഷ്‌ട്രീയം

ഇസ്രയേലില്‍ തിരശ്ശീല വീഴുന്നത് സമാനതകളില്ലാത്ത രാഷ്ട്രീയ സഖ്യത്തിന്

Israel PM decides to dissolve parliament  Israel political instability  israel politics  Israeli Prime Minister Naftali Bennett  ഇസ്രയേലിലെ രാഷ്‌ട്രീയ അസ്ഥിരത  ഇസ്രയേലി രാഷ്‌ട്രീയം  ഇസ്രയേലി പ്രധാനമന്ത്രി പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ തീരുമാനം എടുത്തത്
ഇസ്രയേലില്‍ വീണ്ടും രാഷ്‌ട്രീയ അസ്ഥിരത; പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ തീരുമാനമെടുത്ത് പ്രധാനമന്ത്രി

By

Published : Jun 21, 2022, 12:50 PM IST

Updated : Jun 21, 2022, 3:43 PM IST

ജറുസലേം : പാര്‍ലമെന്‍റ് പിരിച്ചുവിടാനൊരുങ്ങി ഇസ്രയേലി പ്രധാനമന്ത്രി നഫ്‌താലി ബെന്നെറ്റ്. ഭരണ കക്ഷിയിലെ പ്രധാന പാര്‍ട്ടിയായ യെഷ് അഡിഡിന്‍റെ നേതാവും വിദേശകാര്യമന്ത്രിയുമായ യായിര്‍ ലെപിഡുമായി ആലോചിച്ചാണ് പ്രധാനമന്ത്രി പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്. ഈ മാസം തന്നെ ഇതിനുള്ള പ്രമേയം അവതരിപ്പിക്കുമെന്ന് നഫ്‌താലി ബെന്നെറ്റ് അറയിച്ചു.

അങ്ങനെയെങ്കില്‍ ഒക്ടോബറിലോ നവംബറിലോ തെരഞ്ഞെടുപ്പ് നടക്കും. ഇസ്രയേല്‍ പാര്‍ലമെന്‍റിലേക്കുള്ള മൂന്ന് വര്‍ഷത്തിനിടയിലെ അഞ്ചാമത്തെ തെരഞ്ഞെടുപ്പാകും അത്. ഭരണമുന്നണി രൂപീകരിക്കപ്പെട്ടപ്പോഴുള്ള കരാര്‍ പ്രകാരം യായിര്‍ ലെപിഡായിരിക്കും കാവല്‍ പ്രധാനമന്ത്രി.

ഭരണ മുന്നണിയുടെ തീരുമാനം ഇസ്രയേലിനെ വീണ്ടും രാഷ്‌ട്രീയ അസ്ഥിരതയിലേക്കാണ് കൊണ്ടുപോകുന്നത്. അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന, വലതുപക്ഷ പാര്‍ട്ടിയായ ലിക്യുഡ് പാര്‍ട്ടിയുടെ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ബെഞ്ചമിന്‍ നെതന്യാഹുവിന് രാഷ്ടീയ ജീവ ശ്വാസമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ സംഖ്യത്തിന് അഭിപ്രായ സര്‍വേകള്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. എന്നാല്‍ കേവല ഭൂരിപക്ഷം നെതാന്യാഹുവിന്‍റെ സഖ്യത്തിന് ലഭിക്കില്ലെന്നും ചില സര്‍വേകള്‍ വ്യക്തമാക്കുന്നു.

തിരശ്ശീല വീഴുന്നത് സമാനതകളില്ലാത്ത രാഷ്‌ട്രീയ സഖ്യത്തിന് : 2021 ജൂണിലാണ് വലതുപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‌മയായ യാമിനയുടെ (Yamina) നേതാവ് നഫ്‌താലി ബെന്നെറ്റ് പ്രത്യയശാസ്‌ത്രപരമായി വ്യത്യസ്‌ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന എട്ട് പാര്‍ട്ടികളുടെ സഖ്യം രൂപീകരിക്കുന്നത്. 13 ജൂണ്‍ 2021ല്‍ ഈ സഖ്യം അധികാരമേല്‍ക്കുകയും ചെയ്‌തു. ഇസ്രയേലിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു സ്വതന്ത്ര അറബ് പാര്‍ട്ടി ഭരണമുന്നണിയില്‍ അംഗമാകുന്നു എന്നുള്ള പ്രത്യേകതയും ഈ സഖ്യത്തിനുണ്ടായിരുന്നു.

1967ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തിന് ശേഷം ഇസ്രയേല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടുകൊടുക്കണം എന്ന് വാദിക്കുന്ന പാര്‍ട്ടികളും പലസ്‌തീന്‍ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്ന പാര്‍ട്ടികളും അടങ്ങുന്നതായിരുന്നു ഈ മുന്നണി. അഴിമതിക്കേസില്‍ വിചാരണ നേരിടുമ്പോഴും പാര്‍ലമെന്‍ററി രാഷ്‌ട്രീയത്തില്‍ നിന്ന് വിടവാങ്ങാന്‍ തയ്യാറാവാത്ത ബെഞ്ചമിന്‍ നെതാന്യാഹുവിനോടുള്ള എതിര്‍പ്പും ഇസ്രയേലില്‍ ഏറെക്കാലമായി നിലനിന്നിരുന്നു ഭരണപ്രതിസന്ധി ഒഴിവാക്കാനുമായിരുന്നു ഈ പാര്‍ട്ടികള്‍ ഒന്നിച്ചത്.

രണ്ട് വര്‍ഷത്തിനിടയില്‍ നടന്ന നാല് തെരഞ്ഞെടുപ്പുകളിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തത് സൃഷ്ടിച്ചിരുന്നത് ബജറ്റുപോലും പാസാക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഈ ഒരു സാഹചര്യത്തിനാണ് നഫ്‌താലി ബെന്നെറ്റിന്‍റെ നേതൃത്വത്തിലുള്ള സഖ്യത്തിന് അന്ത്യം കുറിക്കാനായത്. നാല് വര്‍ഷത്തില്‍ ആദ്യമായി ബജറ്റ് പാസാക്കാന്‍ നഫ്‌താലി ബെന്നെറ്റിന്‍റെ സര്‍ക്കാറിന് കഴിഞ്ഞു.

എന്നാല്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെ പ്രത്യയ ശാസ്ത്രപരമായ ഭിന്നതകള്‍ മുന്നണിയെ പ്രതിസന്ധിയിലാക്കി. സഖ്യത്തിലെ ഇടതരും വലതരും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതോടെ പല ബില്ലുകളും പാര്‍ലമെന്‍റില്‍ സര്‍ക്കാറിന് പാസാക്കാന്‍ സാധിക്കാത്ത അവസ്ഥ സൃഷ്‌ടിച്ചു. നെതന്യാഹുവിന്‍റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യത്തില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ മുന്നണിയിലെ വലതുപക്ഷ പാര്‍ലമെന്‍റ് അംഗങ്ങളില്‍ വലിയ സമ്മര്‍ദമുണ്ടാക്കി. ഭരണമുന്നണിയിലെ രണ്ട് വലതുപക്ഷ അംഗങ്ങള്‍ കൂറുമാറുന്നതിലേക്കാണ് ഇത് നയിച്ചത്. ഇത് പാര്‍ലമെന്‍റില്‍ സര്‍ക്കാറിന് കേവല ഭൂരിപക്ഷം നഷ്‌ടമാക്കി.

പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള പെട്ടെന്നുള്ള കാരണം :അധിനിവേശ വെസ്‌റ്റ്ബാങ്കിലെ ജൂത കുടിയേറ്റക്കാര്‍ക്ക് ഇസ്രയേലിന്‍റെ സിവില്‍-ക്രിമിനല്‍ നിയമം ബാധകമാക്കുന്ന സംവിധാനം നിലവിലുണ്ട്. എന്നാല്‍ ഈ സംവിധാനം ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഇസ്രയേല്‍ പാര്‍ലമെന്‍റില്‍ വോട്ടിനിട്ട് പുതുക്കേണ്ടതുണ്ട്. വെസ്റ്റ്ബാങ്കിലെ കുടിയേറ്റക്കാര്‍ക്ക് മറ്റ് ഇസ്രേയേലി പൗരര്‍ക്ക് തുല്യമായ അവകാശം നല്‍കുന്നതിനുവേണ്ടിയാണ് ഈ സംവിധാനം.

എന്നാല്‍ രണ്ട് തലത്തിലുള്ള ഈ നിയമ സംവിധാനം വെസ്‌റ്റ്ബാങ്കിലെ ഇസ്രയേലി കുടിയേറ്റക്കാരെയും പലസ്‌തീനികളെയും വേര്‍തിരിച്ച് കാണുന്നതാണ്. അതുകൊണ്ടുതന്നെ ഭരണമുന്നണിയില്‍പ്പെട്ട അറബ് പാര്‍ട്ടിയായ യുണൈറ്റഡ് അറബ് ലിസ്റ്റിലെ അംഗങ്ങള്‍ ഈ സംവിധാനം പുതുക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്യാന്‍ തയ്യാറായില്ല. ഈ ഒരു സാഹചര്യത്തിലാണ് നെഫ്ത്താലി ബെന്നെറ്റ് പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്.

പാര്‍ലമെന്‍റ് ജൂലൈ ഒന്നിന് മുമ്പ് പിരിച്ചുവിടുകയാണെങ്കില്‍ വെസ്‌റ്റ് ബാങ്കിലെ ജൂത കുടിയേറ്റക്കാര്‍ക്കായുള്ള ഈ നിയമ സംവിധാനം അസാധുവാക്കപ്പെടുകയില്ല. തെരഞ്ഞെടുപ്പിന് ശേഷം അടുത്ത സര്‍ക്കാര്‍ രൂപീകരിച്ചുകഴിഞ്ഞ് സംവിധാനം പുതുക്കുന്നതിനായി വോട്ടിനിട്ടാല്‍ മതി.

Last Updated : Jun 21, 2022, 3:43 PM IST

ABOUT THE AUTHOR

...view details