ടെല്‍അവീവ്:രാജ്യസുരക്ഷ ഏത് വിധേനയും സംരക്ഷിക്കുക എന്നതില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഇസ്രയേലിന്‍റെ വിദേശ നയം പേര് കേട്ടതാണ്. സൈനിക നടപടി ഉള്‍പ്പെടെയുള്ളവയിലൂടെ ഭയപ്പെടുത്തി വരുതിയിലാക്കുന്ന ഹാര്‍ഡ് പവറാണ് ഇതിന് ഇസ്രയേല്‍ ഉപയോഗിക്കുന്നത്. ഭൗമരാഷ്‌ട്രീയത്തില്‍ ഇസ്രയേല്‍ നിലകൊള്ളുന്ന പ്രത്യേക പരിതസ്ഥിതികളാണ് ഇത്തരമൊരു വിദേശ നയം സ്വീകരിക്കുന്നതിലേക്ക് ഈ പശ്ചിമേഷ്യന്‍ രാജ്യത്തെ നയിക്കുന്നത്.
എന്നാല്‍ യുഎസിലെ ചില പൗരസമൂഹ ഗ്രൂപ്പുകളിലൂടെ മതത്തെ സോഫ്‌റ്റ് പവറായി ഉപയോഗിച്ച് സമൂഹത്തെ ഇസ്രയേല്‍ സ്വാധീനിക്കുന്നുണ്ടെന്ന് ഫ്രാങ്ക്ഫർട്ടിലെ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഗവേഷക ഡോ. ക്ലോഡിയ ബോംഗാർട്ട് വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇസ്രയേല്‍ എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഇറ്റലിയിലെ പ്രമുഖ ജിയോപൊളിറ്റിക്കല്‍ വിദഗ്‌ധനായ സെര്‍ജിയോ റെസ്റ്റെല്ലി വിലയിരുത്തുന്നത് സോഫ്റ്റ് പവര്‍ നയതന്ത്രത്തിനായി ഇസ്രയേല്‍ ഓഡിയോ-വിഷ്വല്‍ സംസ്‌കാരത്തെ ഉപയോഗപ്പെടുത്തുന്നു എന്നാണ്.
ഭരണകൂടങ്ങളുമായുള്ള നേരിട്ടുള്ള നയതന്ത്രം, സൈനിക നടപടി എന്നിവ വിദേശ രാജ്യങ്ങളില്‍ ഇസ്രയേലിന്‍റെ പ്രതിച്ഛായയ്‌ക്ക് ഗുണം ചെയ്‌തിട്ടില്ലെന്ന് റെസ്‌റ്റല്ലി വിലയിരുത്തുന്നു. അതേസമയം ഫൗദ, ടെഹ്‌റാൻ, ഷ്‌റ്റിസെൽ എന്നീ ജനപ്രിയ ടെലിവിഷന്‍ പരിപാടികള്‍ ഇസ്രയേലിനെ കുറിച്ചും ആ രാജ്യത്തെ ജനങ്ങളെ കുറിച്ചും വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് മനസിലാക്കുന്നതിനായി വഴിവച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്‍റെ ലേഖനത്തില്‍ പറയുന്നു. ഈ പരിചിതത്വം സോഫ്‌റ്റ് പവറിന്‍റെ അടിസ്ഥാനമാണ്.
ലോകത്തില്‍ തന്നെ വലിയ ആരാധകര്‍ ഉള്ള ഈ ടെലിവിഷന്‍ പരിപാടികള്‍ മതപരമായ പരാമ്പര്യവാദത്തെ കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്‌ചകള്‍ നല്‍കുന്നവയാണ്. ഈ പരിപാടികള്‍ ജൂത മത മൗലികവാദത്തെ കുറിച്ച് മാത്രമല്ല ഇസ്ലാമിലേയും ക്രിസ്‌തുമതത്തിലേയും മൗലികവാദങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്‍റര്‍നെറ്റില്‍ തുടക്കം കുറിക്കപ്പെടുന്നതിന് കാരണമായിട്ടുണ്ട്.
എന്താണ് സോഫ്‌റ്റ് പവര്‍: ദൂരെയുള്ളതും ചെറുതുമായ രാജ്യങ്ങളെ സ്വാധീനിക്കാനാണ് സോഫ്‌റ്റ് പവര്‍ സാധാരണയായി ആഗോള ശക്തികള്‍ ഉപയോഗിക്കാറുള്ളത്. സോഫ്‌റ്റ് പവറിനായി ഉപയോഗിക്കുന്നത് പല തരത്തിലുള്ള സാംസ്‌കാരിക മാധ്യമങ്ങളാണ്. പാശ്ചാത്യ രാജ്യങ്ങളാണ് ഏറ്റവും നന്നായി സോഫ്‌റ്റ് പവര്‍ ഉപയോഗപ്പെടുത്തുന്നത്. ഇതില്‍ തന്നെ യുഎസും ഫ്രാന്‍സുമാണ് മുന്നില്‍. സോവിയറ്റ് യൂണിയനുമായുള്ള ശീത യുദ്ധത്തില്‍ സോഫ്‌റ്റ് പവര്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കല, സിനിമ, ഭാഷ, അക്കാദമിക സ്ഥാപനങ്ങള്‍ എന്നിവയാണ് സോഫ്‌റ്റ് പവറിന്‍റെ മാധ്യമങ്ങള്‍. തങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളിലെ സമൂഹങ്ങളില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുക എന്നതാണ് സോഫ്‌റ്റ് പവര്‍ ഉപയോഗിക്കുന്നതിന്‍റെ ലക്ഷ്യം. ഈ സ്വീകാര്യത ദുര്‍ബലമായ രാജ്യങ്ങളില്‍ തന്ത്രപരമായ സ്വാധീനം ലഭ്യമാക്കാന്‍ ഉപയോഗപ്പെടുത്തുന്നു.
സോഫ്‌റ്റ് പവറില്‍ പാശ്ചാത്യ രാജ്യങ്ങളുമായി മത്സരിക്കാന്‍ ചൈന: ഈ അടുത്ത കാലത്ത് ചൈന വര്‍ധിച്ച അളവില്‍ സോഫ്‌റ്റ് പവര്‍ ഉപയോഗിക്കുന്നുണ്ടെന്ന് റെസ്റ്റല്ലി ചൂണ്ടികാട്ടുന്നു. പുതിയ ലോകക്രമത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുകയാണ് ചൈന ലക്ഷ്യം വെക്കുന്നത്. പെട്ടെന്നുള്ള വ്യവസായവത്‌ക്കരണം, പ്രായോഗികതയില്‍ ഊന്നിയുള്ള വിദേശ നയം, ലോകവ്യാപാരത്തിലെ സ്വാധീനം എന്നിവയാണ് സോഫ്‌റ്റ് പവറില്‍ ചൈനയെ സഹായിക്കുന്ന ഘടകങ്ങള്‍.
ആശയങ്ങളുടെ ലോകത്ത് പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനം കുറയ്‌ക്കുക എന്നതാണ് ചൈന ലക്ഷ്യം വയ്‌ക്കുന്നത്. ആഗോള മാധ്യമ രംഗത്ത് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇപ്പോഴും ഉള്ള അപ്രമാധിത്യമാണ് ചൈനയ്‌ക്ക് വെല്ലുവിളിയാകുന്നത്. ചൈനയുടെ സോഫ്റ്റ് പവര്‍ നയതന്ത്രം വരും നാളുകളില്‍ കൂടുതല്‍ ശക്‌തമാകാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്.
ചൈനയുടെ അതെ ലൈന്‍ സ്വീകരിച്ചുകൊണ്ട് ആന്‍റിസെമറ്റിസവും ഇസ്രയേലിനെതിരായ പ്രൊപ്പഗാണ്ടയും എതിരിടാന്‍ ഇസ്രയേല്‍ ശ്രമിക്കണമെന്ന് റെസ്‌റ്റല്ലി വാദിക്കുന്നു. ഇസ്രയേലിന്‍റെ ശേഷി സോഫ്റ്റ് പവര്‍ രംഗത്ത് പൂര്‍ണമായി ഉപയോഗപ്പെടുത്തണം. ഡിജിറ്റല്‍ നയതന്ത്രത്തിന്‍റെ ആണിക്കല്ലാണ് സോഫ്റ്റ് പവര്‍. ആധുനിക യുദ്ധങ്ങള്‍ വിവര സംവഹന മേഖലയിലാണ് പ്രധാനമായി നടക്കുകയെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.