ടെൽ അവീവ് : ഗാസയിൽ വെടിനിർത്തൽ നിരസിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു (Israel rejects ceasefire in Gaza ). വെടിനിർത്തൽ അംഗീകരിക്കുന്നത് ഹമാസിന് കീഴടങ്ങിന് തുല്ല്യമാണെന്നും നെതന്യാഹു പറഞ്ഞു. അരനൂറ്റാണ്ടിനിടെ രാജ്യത്തിന് നേരെയുണ്ടായ ഏറ്റവും വലിയ അപ്രതീക്ഷിത ആക്രമണം തടയുന്നതിൽ ഇസ്രയേൽ സുരക്ഷ സേന പരാജയപ്പെട്ടതിന്‍റെ എല്ലാ രോഷവും പ്രകടിപ്പിച്ച ഇസ്രയേൽ ഇത് യുദ്ധത്തിനുള്ള സമയമാണെന്നും കരയുദ്ധം ശക്തമാക്കുമെന്നും ആഹ്വാനം ചെയ്‌തു (Israel - Hamas War).
അതേസമയം, ഗാസയിലേക്കുള്ള നുഴഞ്ഞുകയറ്റം വിപുലീകരിച്ച ഇസ്രയേൽ, ഹമാസ് തടവിലാക്കിയ ഒരു വനിത സൈനിക ഉദ്യോഗസ്ഥയെ മോചിപ്പിച്ചിരുന്നു. ഒറി മെഗിദിഷ് എന്ന ഉദ്യോഗസ്ഥയെയാണ് മോചിപ്പിച്ചത്. ഈ നേട്ടം ഹമാസിന്‍റെ തടവിലുള്ള മുഴുവൻ ബന്ദികളേയും മോചിപ്പിക്കുന്നതിനുള്ള ഇസ്രയേൽ സൈന്യത്തിന്‍റെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗാസയിലെ പ്രധാന നഗരങ്ങളിൽ ഇസ്രയേൽ ടാങ്കുകളും യുദ്ധ വാഹനങ്ങളുമാണ്. മുൻപ് നാല് ബന്ദികളെ സ്വയം മോചിപ്പിച്ച ഹമാസ്, ഇസ്രയേലിൽ ബന്ദികളാക്കിയ പലസ്‌തീനികളെ മോചിപ്പിച്ചാൽ തങ്ങൾ ബന്ദികളാക്കിയവരെ മുഴുവനും മോചിപ്പിക്കുമെന്ന ഉടമ്പടി മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഈ ഉടമ്പടിയും ഇസ്രയേൽ നിരസിച്ചു. കരയാക്രമണം (Israel Ground War) തങ്ങളുടെ ജനതയെ മോചിപ്പിക്കാനുള്ള മുന്നേറ്റത്തിന്‍റെ ഭാഗമാണെന്നായിരുന്നു ഇസ്രയേലിന്‍റെ മറുപടി.
ഇസ്രയേൽ ലക്ഷ്യം ഹമാസിന്‍റെ നാശം മാത്രമോ?അതേസമയം, പതിനായിരക്കണക്കിന് സൈനികരെ അതിർത്തിയിലേക്ക് വിന്യസിച്ചിട്ടും ഒരു സമ്പൂർണ കര അധിനിവേശം പ്രഖ്യാപിക്കുന്നതിൽ നിന്ന് ഇസ്രയേൽ വിട്ടുനിൽക്കുകയും പകരം, ഗാസ നഗരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുമാണ് കരയാക്രമണം നീങ്ങുന്നത്. ഗാസയിലെ സങ്കീർണമായ തുരങ്കങ്ങളാണ് തീവ്രവാദികളുടെ ഒളിത്താവളമായും ഇസ്രയേൽ കണക്കുകൂട്ടുന്നത്. ഗാസ നഗരം സ്ഥിതി ചെയ്യുന്ന വടക്ക് നിന്ന് പലസ്‌തീനികളോട് തെക്ക് ഭാഗത്തേയ്‌ക്ക് പാലായനം ചെയ്യാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടെങ്കിലും ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും നഗരത്തിലുണ്ട്.
ഇസ്രയേൽ സുരക്ഷിതമെന്ന് പറഞ്ഞ പല സ്ഥലങ്ങളിലും ബോംബാക്രമണം നടന്ന സാഹചര്യത്തിലാണ് ജനങ്ങൾ പാലായനം ചെയ്യാൻ ഭയക്കുന്നത്. 117,000 ഓളം ആളുകളാണ് നിലവിൽ രാജ്യത്ത് പാലായനം ചെയ്‌തതായി കണക്കുകൾ സൂചിപ്പിക്കുന്നത്. പലസ്‌തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ റിപ്പോർട്ട് പ്രകാരം, ഏകദേശം 672,000 പലസ്‌തീനികൾ ഗാസയിലുടനീളമുള്ള സ്‌കൂളുകളിലും മറ്റ് സൗകര്യങ്ങളിലും അഭയം പ്രാപിച്ചിട്ടുണ്ട്.