ജെറുസലേം:പാലസ്‌തീന്‍- ഇസ്രായേല്‍ ആക്രമണത്തില്‍ മരണ സംഖ്യ ഉയരുന്നു. മണിക്കൂറുകളോളം ഇസ്രായേലിന് നേരെ ഹമാസ് അഴിച്ചുവിട്ട ആക്രമണത്തില്‍ 70ലധികം പേര്‍ കൊല്ലപ്പെട്ടു. ആക്രമണം ശക്തമായതിനെ തുടര്‍ന്ന് ഇസ്രായേല്‍ നല്‍കിയ തിരിച്ചടിയില്‍ 200ലേറെ പേര്‍ കൊല്ലപ്പെടുകയും 1600 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ആക്രമണത്തില്‍ പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്ന് ഗാസയിലെ പാലസ്‌തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹമാസിന് നേരെ തിരിച്ചടിച്ച ഇസ്രയേല്‍ ഹമാസിന്‍റെ ഒളിത്താവളങ്ങളില്‍ അടക്കം വ്യോമാക്രമണം നടത്തി. സംഭവത്തില്‍ ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ഇസ്രായേലി ജനതയ്‌ക്ക് നേരെയുണ്ടായ ഹമാസ് ആക്രമണത്തില്‍ അപലപിക്കുന്നതായും ഇസ്രയേല്‍ സര്‍ക്കാറിനൊപ്പം നിലകൊള്ളുമെന്നും യുഎസും വ്യക്തമാക്കി. ആക്രമണത്തിന് ഇരയായവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും യുഎസ് തന്‍റെ പ്രസ്‌താവനയില്‍ പറഞ്ഞു.
ഇസ്രായേല്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറിയ ഹമാസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രായേല്‍ സൈനികരെ ആക്രമിക്കുന്നതിന്‍റെയും സൈനിക വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ആക്രമണങ്ങളെ തുടര്‍ന്ന് മധ്യ തെക്കന്‍ ഇസ്രയേലിലെ വിമാനത്താവളങ്ങള്‍ അടച്ചു.
പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ: ഹമാസ്-ഇസ്രയേല്‍ ആക്രമണങ്ങള്‍ കനത്തതോടെ ഇസ്രയേലിന് പിന്തുണയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. 'ഇസ്രായേല്‍ ആക്രമണ വാര്‍ത്തകള്‍ ഞെട്ടലുളവാക്കിയെന്ന്' അദ്ദേഹം പറഞ്ഞു. 'പ്രതിസന്ധി നിറഞ്ഞ ഈ വേളയില്‍ തങ്ങള്‍ ഇസ്രായേലിന് ഒപ്പം നില്‍ക്കുന്നുവെന്നും ഇസ്രായേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും' ആക്രമണത്തെ അപലപിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.
മികച്ച പ്രതിരോധ സംവിധാനമുള്ള ഇസ്രായേലിനും ആക്രമണം:ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. രാജ്യത്തിന്‍റെ അതിര്‍ത്തി മേഖലകളില്‍ പഴുതടച്ചുള്ള സുരക്ഷ സംവിധാനങ്ങള്‍, റോക്കറ്റുകള്‍ പോലും തിരിച്ചറിയാനുള്ള സെന്‍സര്‍ സംവിധാനങ്ങള്‍, നൂതന ആയുധ ശേഖരങ്ങള്‍, മറ്റിടങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം വരുന്ന സൈനികര്‍ തുടങ്ങി വന്‍ പ്രതിരോധ സംവിധാനമാണ് ഇസ്രായേലിനുള്ളത്. ഇത്രയും സംവിധാനങ്ങളുള്ള രാജ്യത്തേക്കുള്ള ഹമാസിന്‍റെ കടന്നുക്കയറ്റം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ട് തന്നെ ഹമാസിന്‍റെ കടന്നു കയറ്റം ഇസ്രായേലില്‍ വലിയ കോളിളക്കം സൃഷ്‌ടിച്ചു. ഇസ്രായേലിന് ഏറ്റ ആക്രമണം കനത്തതും അപ്രതീക്ഷിതവുമായത് കൊണ്ട് തന്നെ ഇസ്രായേലിന്‍റെ തിരിച്ചടിയും അതുപോലെയാകുമെന്നാണ് ലോകരാഷ്‌ട്രങ്ങളും കരുതുന്നത്.
also read:Chronology Of Israel Palestine Clash ഇസ്രായേല്‍ പാലസ്‌തീന്‍ സംഘര്‍ഷം; ദശകങ്ങളായി കെട്ടടങ്ങാതെ അശാന്തി; പരന്നൊഴുകി കണ്ണീര്‍പ്പുഴ