ജെറുസലേം : ഗാസ നഗരത്തില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരെ ഒഴിപ്പിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ സൈന്യം. ഗാസയുടെ വടക്കുഭാഗത്തായി താമസിക്കുന്ന 1.1 ദശലക്ഷം സാധാരണക്കാരെ 24 മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കാന്‍ ഇസ്രയേലില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി ഐക്യരാഷ്‌ട്ര സഭയാണ് അറിയിച്ചത്. അതേസമയം ഇസ്രയേലിലേക്ക് നുഴഞ്ഞുകയറുകയും മിസൈല്‍ ആക്രമണം നടത്തുകയും ചെയ്‌ത ഹമാസ് നടപടിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതിന്‍റെ ഏഴാം ദിനമാണ് ഇസ്രയേലിന്‍റെ സൈനിക മുന്നറിയിപ്പെത്തുന്നത്.
ഇതുപ്രകാരം ഗാസയുടെ വടക്കുഭാഗത്തുള്ള ജനങ്ങളോട്, തെക്കേ അറ്റമായ ഗാസ മുനമ്പിലേക്ക് നീങ്ങാനാണ് ഇസ്രയേല്‍ നിര്‍ദേശം. ഹമാസ് ഭീകരര്‍ നഗരത്തിനകത്തെ തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ കടുത്ത മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മാത്രമല്ല മറ്റൊരു മുന്നറിയിപ്പെത്തുമ്പോള്‍ നിങ്ങള്‍ക്ക് ഗാസ നഗരത്തിലേക്ക് മടങ്ങാമെന്നുമാണ് ഇസ്രയേലിന്‍റെ നിലപാട്.
വ്യോമാക്രമണത്തിന് ശേഷം ഗാസ നഗരം എന്തുചെയ്യുമെന്നറിയാതെ ഒരു സമൂഹം : ഇതൊരു സംഘര്‍ഷമാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് ആര്‍ക്കും അറിയില്ലെന്നും ഐക്യരാഷ്‌ട്ര സഭയിലെ ഉദ്യോഗസ്ഥനായ ഇനസ് ഹംദാന്‍ അറിയിച്ചു. തങ്ങളുടെ വേണ്ടപ്പെട്ടവര്‍ ചുറ്റുമുള്ളത് കേട്ട് പരിഭ്രാന്തരായി വിളിക്കുമ്പോള്‍, കൈയ്യില്‍ കിട്ടുന്നതെല്ലാം ബാഗില്‍ വാരിയിട്ട് ആളുകള്‍ ഗാസ നഗരത്തിലെ പലസ്‌തീന്‍ അഭയാര്‍ഥി ഏജന്‍സിയിലേക്ക് ഓടുകയാണ്. ഗാസ നഗരത്തിലെയും വടക്കന്‍ ഗാസയിലെയും യുഎന്‍ സ്‌റ്റാഫുകളോട് തെക്കുള്ള റഫയിലേക്ക് നീങ്ങാന്‍ ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. ഈ ഒഴിപ്പിക്കല്‍ നിങ്ങളുടെ സ്വയരക്ഷയ്ക്കായാണ് എന്നതാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ വിശദീകരണം.
വ്യക്തത വരുത്താനൊരുങ്ങി യുഎന്‍ :ഗാസയിലെ ജനസംഖ്യയുടെ പകുതിയോളം പേരോടും 24 മണിക്കൂറിനകം തെക്കന്‍ പ്രദേശത്തേക്ക് നീങ്ങാന്‍ നിര്‍ദേശിച്ചതായി യുഎന്‍ വക്താവ് സ്‌റ്റെഫാൻ ഡുജാറിക്കും അറിയിച്ചു. ഇസ്രയേൽ സൈന്യത്തിന്‍റേതായി വിശാലമായൊരു ഒഴിപ്പിക്കൽ ഉത്തരവ് നിലവില്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാലും ശനിയാഴ്ച (07.10.203) ഇസ്രയേൽ 24 മണിക്കൂര്‍ വ്യോമാക്രമണം നടത്തിയതിന് ശേഷം യു.എൻ സ്കൂളുകളിലും മറ്റ് സൗകര്യങ്ങളിലും അഭയം പ്രാപിച്ച ലക്ഷക്കണക്കിന് ആളുകൾക്കും യുഎന്‍ സ്‌റ്റാഫുകള്‍ക്കും ഇത് ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേല്‍ സൈന്യം പലസ്‌തീന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഉന്നത രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ നിന്നും മുന്നറിയിപ്പിനെ കുറിച്ച് വ്യക്തത വരുത്താന്‍ ശ്രമിക്കുന്നതായി ഐക്യരാഷ്‌ട്ര സഭയിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവില്‍ ഇത് പൂര്‍ണമായും ഉറപ്പിക്കാനാവാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇസ്രയേല്‍ സൈന്യത്തിന്‍റെ മുന്നറിയിപ്പുണ്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെ തന്നെ വടക്കന്‍ ഗാസയില്‍ നിന്നും ആളുകള്‍ പരിഭ്രാന്തരായി പലായനം ചെയ്‌ത് തുടങ്ങിയിട്ടുണ്ട്.
മുന്നറിയിപ്പ് തള്ളണമെന്ന് ഹമാസ് : ഗാസ നഗരത്തില്‍ താമസിക്കുന്നവര്‍ തെക്ക് ഭാഗത്തേക്ക് നീങ്ങണമെന്ന ഇസ്രയേല്‍ സൈനിക മുന്നറിയിപ്പിനെ അവഗണിച്ച് ഹമാസ്. ആരും തന്നെ വീടുവിട്ടുപോകരുതെന്നും നിർദേശം അവഗണിക്കണമെന്നും ഹമാസ് അറിയിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്‌തു. പൗരന്മാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും തങ്ങളുടെ ആഭ്യന്തര പക്ഷത്തെ സ്ഥിരത തകർക്കാനും ലക്ഷ്യമിട്ട്, അധിനിവേശ ശക്തി വിവിധ മാർഗങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുകയും പ്രചരിപ്പിക്കുകയുമാണെന്നാണ് ഹമാസിന്‍റെ വിശദീകരണം.