ഗസ്സ: ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും പലസ്തീൻ സംഘര്‍ഷ ഭൂമിയാവുന്നു. സമാധാന കരാര്‍ ലംഘിച്ച് ഗസ്സയിലെ റഫയിലും ജബലിയയിലും വെള്ളിയാഴ്ച നടന്ന ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ ആറ് കുഞ്ഞുങ്ങളടക്കം 29 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാല് സ്ത്രീകളുമുണ്ട്.
ആക്രമണത്തില്‍ 80ലേറെ പലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സാധാരണ ജനങ്ങളുടെ വീടുകള്‍ക്ക് നേരെയാണ് ഇസ്രായേലിന്‍റെ ആക്രമണം നടന്നത്. പ്രദേശത്തെ നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായി.
2021 മേയ് മാസത്തിന് ശേഷം ഗസ്സയില്‍ ആദ്യമായാണ് വലിയ സംഘര്‍ഷമുണ്ടാകുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് വ്യാപകമായ മിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍ തുടക്കം കുറിച്ചത്. ഇങ്ങോട്ടുള്ള ആക്രമണം മുന്നില്‍ കണ്ട് ആദ്യം പ്രതിരോധിക്കുകയായിരുന്നുവെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലായം അവകാശപ്പെടുന്നത്.
പലസ്തീനില്‍ പുതുതായി രൂപം കൊണ്ട് ഇസ്‌ലാമിക് ജിഹാദ് എന്ന പ്രതിരോധ സംഘത്തിന്‍റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്‌ലാമിക് ജിഹാദിന്‍റെ സൈനിക വിഭാഗമായ അല്‍ഖുദ്‌സ് ബ്രിഗേഡിന്‍റെ കമാൻഡര്‍മാരായ തയ്‌സിര്‍ അല്‍ജബാരിയും ഖാലിദ് മൻസൂറുമാണ് വധിക്കപ്പെട്ടത്. ഹമാസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ഇസ്‌ലാമിക് ജിഹാദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ തന്നെ പൊതുവെ ആള്‍ബലവും സൈനിക - ആയുധ ശക്തിയും കുറവാണ് ഈ സംഘടനയ്ക്ക്. ദക്ഷിണ ഇസ്രായേലിലേക്ക് റോക്കറ്റ് വര്‍ഷിച്ചാണ് ഇസ്‌ലാമിക് ജിഹാദ് ഇതിന് മറുപടി നല്‍കിയത്. പക്ഷേ ആള്‍നാശമോ കെട്ടിട നാശമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഗസ്സയോട് ചേർന്ന സിദ്‌റത്ത്, അസ്‌കലോൺ, അസ്‌ദോദ്, ബൽമാസിം, സികിം പ്രദേശങ്ങളിൽ ഇസ്രായേൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കിഴക്കൻ ജറൂസലമിലേക്കും സംഘർഷം പടരുമെന്ന ആശങ്ക ശക്തമാണ്.