ടെൽ അവീവ് : ഇസ്രയേൽ - ഹമാസ് യുദ്ധം കത്തിപ്പടരുന്നതിനിടെ സിറിയയ്‌ക്ക് നേരെ ഇസ്രയേലിന്‍റെ ഷെല്ലാക്രമണം (Israel Shell Attack in Syria). സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെയും വടക്കൻ സിറിയയുടെ ഭാഗമായ അലെപ്പോയിലെയും വിമാനത്താവളങ്ങൾക്ക് നേരെയാണ് ഇസ്രയേൽ ഷെല്ലാക്രമണം നടത്തിയത് (Damascus and Aleppo Airports Attacked). ആക്രമണത്തിൽ വിമാനത്താവളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതും വിമാനത്താവളത്തിലെ ഒരു തൊഴിലാളി കൊല്ലപ്പെട്ടതായും മറ്റൊരാൾക്ക് പരിക്കേറ്റതായുമാണ് വിവരം.
ഇസ്രയേലിനെതിരായ ആക്രമണങ്ങൾക്ക് സിറിയ പിന്തുണ നൽകുന്നതായി ഇസ്രയേൽ പ്രതിരോധ സേന (Israel Defense Forces) ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ സിറിയയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. രാജ്യത്തിന് പുറത്ത് നിന്ന് ആക്രമണം ഉണ്ടായാൽ ഇസ്രയേൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് (Israeli Defense Minister Yoav Gallant) പറഞ്ഞിരുന്നു.
ഇസ്രയേൽ - ഹമാസ് യുദ്ധം (Israel - Hamas War) ആരംഭിച്ചതിന് ശേഷം രണ്ടാം തവണയാണ് സിറിയയ്‌ക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തുന്നത്. വിമാനത്താവളങ്ങളുടെ റൺവേകൾക്ക് മെറ്റീരിയൽ കേടുപാടുകൾ സംഭവിച്ചതായും തുടർന്ന് വിമാനങ്ങൾ ലതാകിയ വിമാനത്താവളത്തിലേക്ക് (Latakia airport) തിരിച്ചുവിട്ടതായും സിറിയയിലെ ഗതാഗത മന്ത്രാലയം അറിയിച്ചു.
Also Read :Egypt - Gaza Border Crossing Opened: ഒടുവിൽ റഫാ അതിർത്തി തുറന്നു, സഹായവുമായി ഗാസയിലേയ്‌ക്ക് എത്തിയത് 20 ട്രക്കുകൾ മാത്രം
യുദ്ധവെറി അടങ്ങാതെ ഇസ്രയേലും ഹമാസും : അതേസമയം, ഇസ്രയേൽ - ഹമാസ് യുദ്ധം ഇന്ന് 16-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗാസക്കെതിരായ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ സേന അറിയിച്ചിട്ടുണ്ട്. അതിന് മുന്നോടിയായി പലസ്‌തീനികളുടെ സുരക്ഷയ്‌ക്ക് ഗാസ നഗരത്തിൽ താമസിക്കുന്നവരോട് തെക്ക് ഭാഗത്തേയ്‌ക്ക് പാലായനം ചെയ്യാൻ ഇസ്രയേൽ നിർദേശിച്ചിരിക്കുകയാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതുവരെ ആറായിരത്തിനടുത്ത് മരണമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ലോക രാജ്യങ്ങൾ യുദ്ധസമാപ്‌തിക്കായി ഇരു രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും യുദ്ധം അടുത്ത ഘട്ടത്തിലേയ്‌ക്ക് കൊണ്ടുപോകാനുള്ള തീരുമാനത്തിലാണ് ഇസ്രയേൽ. അമേരിക്കയുടെ ഇടപെടലിൽ ഇസ്രയേൽ ഗാസയിൽ ഏർപ്പെടുത്തിയ ഉപരോധത്തിന് ഇളവ് നൽകിയിട്ടുണ്ട്. മാനുഷിക സഹായവുമായുള്ള ഐക്യരാഷ്‌ട്ര സംഘനയുടെ ആദ്യ 20 ട്രക്കുകൾ ഈജിപ്‌ത് റഫ അതിർത്തി തുറന്ന് ഗാസയിലേയ്‌ക്ക് കടത്തിവിട്ടു.
എന്നാൽ 23 ലക്ഷത്തോളം പലസ്‌തീനികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഇത് ഒന്നുമാകില്ലെന്നാണ് യുഎൻ പ്രവർത്തകർ അറിയിച്ചത്. ഗാസയിലേയ്‌ക്ക് കൂടുതൽ സഹായം എത്തിക്കണമെന്ന് അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read :Israel To Step Up Attacks On Gaza : ഗാസയിൽ ആക്രമണം ശക്തമാക്കാൻ ഇസ്രയേൽ, യുദ്ധത്തിന് അന്ത്യം കുറിക്കണമെന്ന് പലസ്‌തീന് വക്താവ്