മോസ്‌കോ:ഇന്ത്യയിലെ ഭരണ നേതൃത്വത്തിലുള്ള ഉന്നത വ്യക്തിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കാന്‍ പദ്ധതിയിട്ട ഒരു ഐഎസ് ഭീകരനെ അറസ്‌റ്റ് ചെയ്‌തെന്ന് റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ്(എഫ്‌എസ്‌ബി). റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ സ്‌പുട്‌നിക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. മധ്യേഷ്യന്‍ മേഖലയിലെ ഒരു രാജ്യത്തെ പൗരനെയാണ് അറസ്‌റ്റ് ചെയ്‌തത്.
തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് നേതാവാണ് അറസ്റ്റിലായ ആളെ ചാവേര്‍ ആക്രമണം നടത്താന്‍ റിക്രൂട്ട് ചെയ്‌തതെന്നും എഫ്‌എസ്‌ബി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. അറസ്‌റ്റിലായ വ്യക്തി മധ്യേഷ്യയിലെ ഏത് രാജ്യത്തെ പൗരനാണെന്നോ ഇന്ത്യയില്‍ ഭരണ കക്ഷിയില്‍പ്പെട്ട ഏത് ഉന്നതനെയാണ് ലക്ഷ്യമിട്ടത് എന്നുള്ളതിനെ സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ എഫ്‌എസ്‌ബി ലഭ്യമാക്കിയിട്ടില്ല.
പ്രവാചകന്‍ മുഹമ്മദിനെ അപമാനിച്ചതിന് പ്രതികാരം ചെയ്യുകയായിരുന്നു ഐഎസ് ലക്ഷ്യമിട്ടതെന്ന് റഷ്യന്‍ ഏജന്‍സി വ്യക്തമാക്കി. അറസ്റ്റിലായ ആള്‍ ഗൂഢാലോചന സമ്മതിക്കുന്നതിന്‍റെ 57 സെക്കന്‍ഡ് വീഡിയോ പുറത്തുവന്നിട്ടുണ്ട്. "2022ല്‍ എനിക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. യൂസഫിന്‍റെ നിര്‍ദേശ പ്രകാരം ഞാന്‍ റഷ്യയിലേക്ക് തിരിച്ചു. റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്നു ലക്ഷ്യം. ഇന്ത്യയില്‍ നിന്ന് എനിക്ക് ആവശ്യമായ സഹായങ്ങള്‍ ലഭിക്കും. ഇന്ത്യയില്‍ ഞാന്‍ ഒരാളെ കാണാന്‍ പോകുകയായിരുന്നു. പ്രവാചകനെ അപമാനിച്ചതിന് പ്രതികാരം ചെയ്യാനായി ഐഎസിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു എന്‍റെ പ്രവര്‍ത്തനങ്ങള്‍", ഇയാള്‍ പറഞ്ഞു.
ഐഎസ് തീവ്രവാദ ആശയങ്ങള്‍ ഇയാളിലേക്ക് പകര്‍ന്നത് ആദ്യം ടെലിഗ്രാമിലൂടേയും പിന്നീട് തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്‌താബൂളില്‍ വച്ചുമാണെന്ന് റഷ്യന്‍ അന്വേഷണ ഏജന്‍സി പറഞ്ഞു. അതിന് ശേഷം ഐഎസ് അമീറിനോട് കൂറ് പ്രഖ്യാപിക്കുന്നു എന്നുള്ള പ്രതിജ്ഞ ഇയാള്‍ എടുത്തു. അതിന് ശേഷം റഷ്യയിലേക്ക് പോയെന്നും റഷ്യ വഴി ഇന്ത്യയില്‍ എത്താനാണ് ഇയാള്‍ ശ്രമിച്ചതെന്നുമാണ് എഫ്‌എസ്‌ബി പ്രസ്‌താവനയില്‍ വ്യക്തമാക്കിയത്. പ്രവാചകന്‍ മുഹമ്മദിനെ അപമാനിച്ചതിന് പകരം ചെയ്യുകയായിരുന്നു ഇയാളുടെ ലക്ഷ്യം. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ വഴി ഇന്ത്യയില്‍ എത്താനായിരുന്നു പദ്ധതി.
ഇന്ത്യയിലെ ഭരണകക്ഷിയില്‍പ്പെട്ട ഒരു നേതാവിനെ സ്വയം പൊട്ടിതെറിച്ചുകൊണ്ട് വധിക്കാനായിരുന്നു ഇയാള്‍ പദ്ധതിയിട്ടത് എന്നാണ് റഷ്യന്‍ അന്വേഷണ ഏജന്‍സി വ്യക്തമാക്കിയത്. എഫ്‌എസ്‌ബി ഇന്ത്യയിലെ ബന്ധപ്പെട്ട ഏജന്‍സികളുമായി ബന്ധപ്പെട്ട് അറസ്റ്റ് വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. ചാവേര്‍ ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ തേടുകയാണ്.
ബിജെപി ദേശീയ വക്‌താവായിരുന്ന നുപൂര്‍ ശര്‍മ ഒരു ടെലിവിഷന്‍ ചര്‍ച്ചയ്‌ക്കിടെ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുകൊണ്ട് പരാമര്‍ശം നടത്തിയിരുന്നു. ഇതില്‍ രാജ്യത്തും അന്താരാഷ്‌ട്ര തലത്തിലും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. നുപൂര്‍ ശര്‍മയെ ബിജെപി പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
ഇസ്‌ലാമിക് സ്റ്റേറ്റിനേയും അതിന്‍റെ ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉപ വിഭാഗങ്ങളേയും ഭീകര സംഘടനയായി വിജ്ഞാപനം ചെയ്‌ത് യുഎപിഎ നിയമത്തിലെ ഒന്നാം പട്ടികയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പല തരത്തിലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ ഐഎസ് അതിന്‍റെ ആശയം ഇന്ത്യയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതാണ്. അതുകൊണ്ട് തന്നെ സൈബര്‍ ഇടങ്ങളിലെ ഐഎസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ കുറ്റാന്വേഷണ ഏജന്‍സികള്‍ നിരന്തരം പരിശോധിക്കുകയാണ്.