കെയ്‌റോ:രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് പുതിയ ആണവനിലയത്തിന്‍റെ നിർമാണം ആരംഭിച്ച് ഇറാൻ. ആണവനിലയ നിർമാണം സംബന്ധിച്ച വാർത്തകൾ ഇറാനിയൻ സ്റ്റേറ്റ് ടിവി പ്രഖ്യാപിച്ചു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുക്കപ്പെട്ട കുർദ് യുവതി മഹ്‌സ അമിനി (22) മർദനമേറ്റ് മരിച്ചതിനെ തുടർന്ന് രാജ്യവ്യാപകമായി ഹിജാബ് വിരുദ്ധ സമരം ശക്തമായ സാഹചര്യത്തിലാണ് പ്രഖ്യാപനം.
'കരൂൺ' എന്ന ആണവനിലയം:കരൂൺ എന്നറിയപ്പെടുന്ന പുതിയ 300 മെഗാവാട്ട് പ്ലാന്‍റ് നിർമിക്കാൻ എട്ട് വർഷമെടുക്കുമെന്നും ഏകദേശം രണ്ട് ബില്യൺ യുഎസ് ഡോളർ ചെലവ് വരുമെന്നുമാണ് റിപ്പോർട്ട്. ഇറാന്‍റെ എണ്ണ സമ്പന്നമായ ഖുസെസ്ഥാൻ പ്രവിശ്യയിലാണ് പ്ലാന്‍റ് സ്ഥാപിക്കുക. ഇറാഖുമായുള്ള പടിഞ്ഞാറൻ അതിർത്തിയോട് ചേർന്നാണ് ആണവനിലയം നിർമിക്കുന്നത്.
നിർമാണത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഇറാനിലെ സിവിലിയൻ ആറ്റോമിക് എനർജി ഓർഗനൈസേഷന്‍റെ തലവൻ മുഹമ്മദ് ഇസ്‌ലാമി പങ്കെടുത്തു. അദ്ദേഹമാണ് ഏപ്രിലിൽ കരൂണിന്‍റെ നിർമാണ പദ്ധതികൾ ആദ്യമായി അനാച്ഛാദനം ചെയ്‌തത്. രാജ്യത്തെ ഭൂഗർഭ ഫോർഡോ ആണവ കേന്ദ്രത്തിൽ 60 ശതമാനം ശുദ്ധവും സമ്പുഷ്‌ടവുമായ യുറേനിയം ഉത്പാദിപ്പിക്കാൻ തുടങ്ങിയെന്ന് ഇറാൻ പറഞ്ഞതിന് രണ്ടാഴ്‌ചയ്ക്കുള്ളിൽ കരൂണിന്‍റെ നിർമാണ പ്രഖ്യാപനം നടന്നിരുന്നു.
ഇറാനിലെ ആണവ പദ്ധതിയിൽ കാര്യമായ കൂട്ടിച്ചേർക്കലുകളിൽ ഒന്നാണ് കരൂൺ. ഒരു ആണവബോംബിന് ഇന്ധനത്തിന് ആവശ്യമായ 60 ശതമാനം യുറേനിയം ഇറാന്‍റെ പക്കലുണ്ടെന്ന് അടുത്ത മാസങ്ങളിൽ നോൺ-പ്രോലിഫെറേഷൻ വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ ആണവ കരാറിൽ തുടരുന്ന മൂന്ന് പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളായ ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നിവ ഈ നീക്കത്തെ അപലപിച്ചു.