കേരളം

kerala

ETV Bharat / international

ഭീകര കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം ; 2 കുട്ടികള്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍, പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

Iran's missile strike in Pakistan : ആക്രമണത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റതായും പാകിസ്ഥാന്‍. ഡ്രോണ്‍, മിസൈല്‍ ആക്രമണമാണ് നടന്നതെന്നും പ്രസ്‌താവനയില്‍.

Iran s missile strike in Pakistan  Iran attack in Pakistan  ഭീകര കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം  പാകിസ്ഥാനില്‍ ഇറാന്‍ ആക്രമണം
iran-s-missile-strike-at-terrorist-bases-in-pakistan

By ETV Bharat Kerala Team

Published : Jan 17, 2024, 11:23 AM IST

ടെഹ്‌റാന്‍ (ഇറാന്‍) :പാകിസ്ഥാനില്‍ ടെഹ്‌റാനെ എതിര്‍ക്കുന്ന ഭീകര സംഘടനയുടെ ആസ്ഥാനത്ത് ഉണ്ടായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം (Iran's missile strike at terrorist bases in Pakistan). ആക്രമണത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റതായും പാകിസ്ഥാന്‍ അറിയിച്ചു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് (Iran strikes in Pakistan).

ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതിന് അപലപിച്ച പാകിസ്ഥാന്‍, ഇറാന്‍റെ ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പ്രസ്‌താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നു. സംഭവത്തില്‍ തങ്ങളുടെ ശക്തമായ പ്രതിഷേധം ഇതിനകം തന്നെ ടെഹ്‌റാനിലെ ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പാകിസ്ഥാന്‍ പ്രസ്‌താവനയില്‍ പറയുന്നു. പാകിസ്ഥാനിലെ ജെയ്‌ഷെ അല്‍-അദ്‌ലിന്‍റെ (ആര്‍മി ഓഫ് ജസ്റ്റിസ്) രണ്ട് പ്രധാന ആസ്ഥാനങ്ങളാണ് തകര്‍ത്തത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന ജെയ്‌ഷെ അല്‍-അദ്‌ലിന്‍റെ ഏറ്റവും വലിയ ആസ്ഥാനം കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നത്.

2012ല്‍ ആണ് ഇറാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ അല്‍-അദ്‌ല്‍ രൂപീകരിക്കപ്പെട്ടത്. ഇറാന്‍റെ തെക്കു കിഴക്കന്‍ പ്രവിശ്യയായ സിസ്‌താന്‍, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സുന്നി ഭീകര സംഘടനയാണ് ഇതെന്ന് അല്‍ അറേബ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷങ്ങളായി ജെയ്‌ഷെ അല്‍-അദ്‌ല്‍ ഇറാനിയന്‍ സുരക്ഷ സേനയ്‌ക്കെതിരെ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ്.

ഇക്കഴിഞ്ഞ ഡിസംബറില്‍ സിസ്‌താന്‍-ബലൂചിസ്ഥാനിലെ ഒരു പൊലീസ് സ്റ്റേഷന്‍ ആക്രമണം നടന്നിരുന്നു. പിന്നാലെ ആക്രമണത്തിന് ഉത്തരവാദിത്തം ജെയ്‌ഷെ അല്‍-അദ്‌ല്‍ ഏറ്റെടുത്തു. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ 11 പൊലീസുകാര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്.

അഫ്‌ഗാനിസ്ഥാന്‍റെയും പാകിസ്ഥാന്‍റെയും അതിര്‍ത്തിയിലാണ് സിസ്‌താന്‍-ബലൂചിസ്ഥാന്‍. ഇറാന്‍റെ സുരക്ഷാസേനയും സുന്നി ഭീകരരും മയക്കുമരുന്ന് കടത്തുകാരും മേഖലയില്‍ നേരത്തെ ഏറ്റുമുട്ടിയിരുന്നു. ഇറാനിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളില്‍ ഒന്നാണ് സിസ്‌താന്‍-ബലൂചിസ്ഥാന്‍. ഈ മേഖലയിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും സുന്നി വംശീയ ബലൂചിസ്ഥാനികളാണെന്ന് അല്‍ അറേബ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: യെമന്‍ തീരത്ത് അമേരിക്കന്‍ കപ്പലിന് നേരെ ആക്രമണവുമായി ഹൂതികള്‍

ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലേക്ക് മിസൈലുകള്‍ തൊടുത്തിരുന്നു. ഇസ്രയേലിന്‍റെ ചാര ആസ്ഥാനം എന്നാരോപിച്ചായിരുന്നു ആക്രമണം. സിറിയയില്‍ ഐഎസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

ABOUT THE AUTHOR

...view details