തെഹ്‌റാന്‍: ഇറാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 53 പേര്‍ മരിച്ചു. പ്രളയത്തില്‍ കാണാതായ 16 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഇറാനിയന്‍ റെഡ് ക്രെസന്‍റ് സൊസൈറ്റിയുടെ റിലീഫ് ആന്‍ഡ് റെസ്‌ക്യൂ ഓര്‍ഗനൈസേഷന്‍ മേധാവി മെഹ്‌ദി വല്ലിപൂർ അറിയിച്ചു. 3,000 പേർക്ക് അടിയന്തര താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇതിന് പുറമേ 1,300 പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. 3,000 അംഗങ്ങളുള്ള 687 സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ 29നുണ്ടായ കനത്ത മഴയില്‍ രാജ്യത്തെ 31 പ്രവിശ്യകളില്‍ 21 ഇടത്തും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. പ്രളയത്തില്‍ വാഹനങ്ങള്‍ ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.