ദുബായ് : ഇറാനിലെ ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തിരികൊളുത്തിയ 22 കാരിയായ മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിന്‍റെ നാൽപതാം ദിനമായ ബുധനാഴ്‌ച നൂറുകണക്കിന് പ്രതിഷേധക്കാർ ഇറാന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തെരുവുകളിൽ റാലി നടത്തി. 'സ്വേച്ഛാധിപത്യം തുലയട്ടെ' എന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രായലിംഗഭേദമന്യേ ആളുകള്‍ പ്രതിഷേധത്തില്‍ അണിനിരന്നത്.
സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം എന്ന് ഉറക്കെ മുഴക്കിക്കൊണ്ട് സ്‌ത്രീകൾ അവരുടെ ശിരോവസ്‌ത്രവും ഹിജാബുകളും അഴിച്ചുമാറ്റി ഉയര്‍ത്തി വീശി. പ്രതിഷേധക്കാർ പ്രദേശത്തെ റോഡ് ഗതാഗതം പൂർണമായും സ്തംഭിപ്പിച്ചു. ഇതേതുടർന്ന് ഇറാന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ സ്‌കൂളുകളും സർവകലാശാലകളും സർക്കാരിന് അടയ്‌ക്കേണ്ടി വന്നു.
സ്‌ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു വലിയ സംഘം തെരുവുകളിലൂടെ മാർച്ച് നടത്തി. ടെഹ്‌റാൻ യൂണിവേഴ്‌സിറ്റി കാമ്പസിൽ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങി. പ്രതിഷേധം കനത്തതിനെ തുടർന്ന് പൊലീസ് ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിർത്തു.
രാജ്യത്തെ സ്‌ത്രീകളുടെ കർശനമായ വസ്‌ത്രധാരണരീതി ലംഘിച്ചുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത അമിനിയെ സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ശക്തമായ പ്രതീകമായി ഇറാൻ ജനത ഏറ്റെടുത്തു എന്നതാണ് ഈ പ്രതിഷേധം വ്യക്തമാക്കുന്നത്.
പ്രതിഷേധം പലവഴിയിൽ : #WomanLifeFreedom എന്ന മുദ്രാവാക്യത്തോടെ സ്‌ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി തുടങ്ങിയ പ്രതിഷേധം പിന്നീട് ഷിയ പുരോഹിതരെ പുറത്താക്കാനുള്ള ആഹ്വാനങ്ങളായി മാറി. സർവകലാശാല വിദ്യാർഥികൾ, തൊഴിലാളികള്‍,കുർദുകളെപ്പോലുള്ള വംശീയ ന്യൂനപക്ഷങ്ങൾ എന്നിവരും പ്രക്ഷോഭത്തില്‍ പങ്കാളികളായി.
വിചാരണ, ഉപരോധം : പ്രതിഷേധം പിരിച്ചുവിടാനായി സുരക്ഷാസേന നടത്തിയ വെടിവയ്പ്പിലും കണ്ണീർ വാതക പ്രയോഗത്തിലുമായി 200 ലധികം ആളുകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ടെഹ്‌റാൻ, അൽബോർഡ്, ഖുസെസ്‌താൻ എന്നിവിടങ്ങളിൽ പ്രതിഷേധത്തിൽ പങ്കെടുത്ത 600 ഓളം പേരെ വിചാരണ ചെയ്യുമെന്ന് ഇറാന്‍റെ ജുഡീഷ്യൽ ഉദ്യോഗസ്ഥർ മുൻപ് പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം റിപ്പോർട്ട് ചെയ്‌ത വിദേശ ചാനലുകളിലേതുള്‍പ്പടെ ഒരു ഡസനിലധികം യൂറോപ്യൻ ഉദ്യോഗസ്ഥർക്കും വിവിധ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ഇറാൻ ഉപരോധം ഏർപ്പെടുത്തിയിട്ടുമുണ്ട്.