കേരളം

kerala

ETV Bharat / international

ഇറാനുമായുള്ള പശ്ചാത്യ രാജ്യങ്ങളുടെ ആണവക്കരാര്‍ : വിഘാതമായി യുഎസിലെ ആഭ്യന്തര രാഷ്‌ട്രീയം

സല്‍മാന്‍ റുഷ്‌ദിക്കെതിരായി നടന്ന ആക്രമണവും ജോണ്‍ബോള്‍ട്ടനെതിരെ നടന്ന വധഗൂഢാലോചനയും യുഎസ് കോണ്‍ഗ്രസിലെ ഇറാന്‍ വിരുദ്ധ ലോബി ആയുധമാക്കുകയാണ്

Iran nuclear deal  ഇറാനുമായുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ആണവക്കരാര്‍  യുഎസിലെ ആഭ്യന്തര രാഷ്‌ട്രീയം  യുഎസ് കോണ്‍ഗ്രസിലെ ഇറാന്‍ വിരുദ്ധ ലോബി  anti Iran lobby in us  Joint Comprehensive Plan of Action  ജെസിപിഒഎ  അന്തര്‍ ദേശീയ വാര്‍ത്തകള്‍  international news
ഇറാനുമായുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ആണവക്കരാര്‍: വിഘാതമായി യുഎസിലെ ആഭ്യന്തര രാഷ്‌ട്രീയം

By

Published : Aug 19, 2022, 6:28 PM IST

വാഷിങ്‌ടണ്‍: ഇറാനുമായി 2015ല്‍ ഒപ്പിട്ട ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള യുഎസ്‌ പ്രസിഡന്‍റിന്‍റെ ശ്രമങ്ങള്‍ക്ക് വിഘാതമാവുകയാണ് സല്‍മാന്‍ റുഷ്‌ദിക്കെതിരെ നടന്ന ആക്രമണവും മുന്‍ യുഎസ് സുരക്ഷ ഉപദേഷ്‌ടാവ് ജോണ്‍ ബോള്‍ട്ടനെതിരെ നടന്ന വധശ്രമവും. ബോള്‍ട്ടനെതിരായി നടന്ന വധഗൂഢാലോചനയ്‌ക്ക് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്(ഐആര്‍ജി) അംഗത്തിനെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്‍റ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാന്‍ പിന്‍മാറുക എന്നതാണ് കരാറിന്‍റെ കാതല്‍.

2015ലെ ആണവക്കരാര്‍, ഭേദഗതിയോടെ പുനഃസ്ഥാപിക്കാനായി യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ഇറാന്‍റെ പ്രതികരണം കാത്തിരിക്കുകയാണ് യുഎസും യൂറോപ്യന്‍ യൂണിയനും. എന്നാല്‍ യുഎസിലെ ആഭ്യന്തര രാഷ്‌ട്രീയം ഇറാനുമായി ആണവക്കരാറില്‍ ഏര്‍പ്പെടുന്നതിന് ബൈഡന്‍ ഭരണകൂടത്തിന് വെല്ലുവിളി സൃഷ്‌ടിച്ചിരിക്കുകയാണ്. സല്‍മാന്‍ റുഷ്‌ദിക്കെതിരായ ആക്രമണവും ബോള്‍ട്ടനെതിരായുള്ള വധ ഗൂഢാലോചനയും അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇറാന്‍ വിരുദ്ധ ലോബിയെ കൂടുതല്‍ ശക്തമാക്കി.

സല്‍മാന്‍ റുഷ്‌ദിക്കെതിരായും ജോണ്‍ ബോള്‍ട്ടനെതിരായും ഇറാന്‍ പരസ്യമായ വധഭീഷണി മുഴക്കിയ കാര്യം ഭൂരിപക്ഷവും റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അടങ്ങിയ യുഎസ് കോണ്‍ഗ്രസിലെ ഇറാന്‍ വിരുദ്ധ ലോബി ചൂണ്ടിക്കാട്ടുന്നു. മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെയും അമേരിക്കയുടെ മുന്‍ ഇറാൻ പ്രതിനിധി ബ്രയാൻ ഹുക്കിനെയും കൊലപ്പെടുത്തി ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നായിരുന്നു ഇറാന്‍ നേതൃത്വം പരസ്യമായി പ്രതികരിച്ചത്. ഐആര്‍ജിയുടെ കുദ്‌സ് ഫോഴ്‌സ് മേധാവിയായിരുന്നു ജനറല്‍ ഖാസിം സുലൈമാനി. മൈക്ക് പോംപിയോയും ബ്രയാന്‍ ഹുക്കും നിലവില്‍ സര്‍ക്കാര്‍ സുരക്ഷയിലാണ്.

ആണവക്കരാറിനെ ശക്തമായി എതിര്‍ത്ത് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ :ജെസിപിഒഎ(Joint Comprehensive Plan of Action) എന്ന് വിളിക്കുന്ന ആണവക്കരാര്‍ വീണ്ടും പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ശക്‌തമായ സാമ്പത്തിക സ്ഥിതി ഇറാന് കൈവരും. പാശ്ചാത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ലഘൂകരിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതാണ് ഇതിന് കാരണം. കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പാലിക്കുമെന്ന് ഉറപ്പാക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് തന്നെ കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇറാനില്‍ നിന്നുള്ള ഭീഷണി കൂടുതല്‍ ശക്‌തമാവുകയാണ് ചെയ്യുകയെന്നും കരാറിനെ എതിര്‍ക്കുന്ന റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പറയുന്നു. വിദേശ നയത്തിലെ വലിയ നേട്ടമായാണ് ജെസിപിഒയെ ഒബാമ ഭരണകൂടം വിശേഷിപ്പിച്ചത്. ജെസിപിഒഎയില്‍ നിന്ന് ട്രംപ് ഭരണകൂടം 2018ല്‍ പിന്‍വാങ്ങുകയായിരുന്നു.

2015ലെ ജെസിപിഒഎയെ അപേക്ഷിച്ച് ഇറാനെ സംബന്ധിച്ച് കടുപ്പമേറിയ ഡീലാണ് പാശ്ചാത്യ രാജ്യങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്ന് കാർണഗീ എൻഡോവ്‌മെന്‍റ് ഫോർ ഇന്‍റര്‍നാഷണലിന്‍റെ ഇറാൻ വിദഗ്‌ധന്‍ കരീം സദ്‌ജദ്‌പൂർ പറഞ്ഞു. ഇറാന്‍റെ പാശ്ചാത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകുമെന്നോ വിദേശ കാര്യങ്ങളില്‍ ഇറാന്‍-യുഎസ് സഹകരണം ഉണ്ടാകുമെന്നോ ഉള്ള മിഥ്യാധാരണകള്‍ ഇല്ലാതെയാണ് കരാറിനായുള്ള പുതിയ വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഉപരോധങ്ങളിൽ ഇളവ് ലഭിക്കുന്നതോടെ ശതകോടികള്‍ ഇറാന്‍ സര്‍ക്കാറിന് ലഭിക്കും. അന്താരാഷ്‌ട്ര രംഗത്ത് യുഎസിനെ എതിര്‍ക്കുക എന്നുള്ള നയം ഇറാന്‍ തുടരുമെന്ന് കരീം സദ്‌ജദ്‌പൂർ പറഞ്ഞു. വിദേശത്തും സ്വദേശത്തുമുള്ള വിമര്‍ശകര്‍ക്കെതിരെ ആക്രമണം നടത്തുന്ന ഇറാന്‍ ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം ആരോപിച്ചു.

റുഷ്‌ദിയെ ആക്രമിച്ച ആളുമായി യാതൊരു ബന്ധവുമില്ലെന്ന് ഇറാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ന്യൂയോര്‍ക്കില്‍ നടന്ന ഒരു പരിപാടിയില്‍ വച്ച് ഓഗസ്റ്റ് 12നാണ് സല്‍മാന്‍ റുഷ്‌ദിക്കെതിരെ ആക്രമണം നടക്കുന്നത്. റുഷ്‌ദിയെ ആക്രമിച്ചയാള്‍ അമേരിക്കന്‍ പൗരനാണ്.

എന്നാൽ ഇറാന്‍ മാധ്യമങ്ങള്‍ റുഷ്‌ദിക്കെതിരെയുള്ള ആക്രമണം ആഘോഷമാക്കിയിരുന്നു. 'ദ സാത്താനിക് വേഴ്‌സസ്' എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനി സല്‍മാന്‍ റുഷ്‌ദിയെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഫത്‌വ പുറപ്പെടുവിക്കുന്നത്. ഐആര്‍ജിസി ബോള്‍ട്ടനെ വധിക്കാനായി അമേരിക്കന്‍ പൗരന്‍മാര്‍ക്ക് 3,00,000 അമേരിക്കന്‍ ഡോളര്‍ നല്‍കാന്‍ ശ്രമിച്ചു എന്നാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആരോപണം. 2020ല്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഖാസിം സുലൈമാനി കൊലചെയ്യപ്പെട്ടതിന് പ്രതികാരം ചെയ്യലായിരുന്നു ഇറാന്‍റെ ലക്ഷ്യം.

ആണവായുധം ഉള്ള ഇറാന്‍ കൂടുതല്‍ അപകടകരമെന്ന് ബൈഡന്‍ ഭരണകൂടം:യുഎസിലെ മുന്‍ ഉദ്യോഗസ്ഥരേയും നിലവിലെ ഉദ്യോഗസ്ഥരേയും വധിക്കാന്‍ ഗൂഢാലോചന നടത്തുന്ന ഒരു ഭരണകൂടം കരാറിലെ വ്യവസ്ഥകള്‍ പാലിക്കുമെന്ന് വിശ്വസിക്കുന്നത് സ്വപ്‌ന ലോകത്ത് കഴിയുന്നവര്‍ മാത്രമായിരിക്കുമെന്നാണ് ജെസിപിഒഎയുമായി ബന്ധപ്പെട്ട ചര്‍ച്ചകളെക്കുറിച്ചുള്ള ബോള്‍ട്ടന്‍റെ പ്രതികരണം. സല്‍മാന്‍ റുഷ്‌ദിക്കെതിരെയുള്ള ആക്രമണത്തില്‍ ഇറാന്‍ റവല്യൂഷറി ഗാര്‍ഡിന്‍റെ കരങ്ങളുണ്ടെന്ന് സംശയമുണ്ടെന്നും ബോള്‍ട്ടന്‍ പറഞ്ഞു. ട്രംപ് ഭരണകൂടത്തില്‍ പ്രവര്‍ത്തിച്ചവര്‍ ഇറാന്‍ ഡീലിനെ ശക്തമായി എതിര്‍ക്കുകയാണ്.

ഇറാനെതിരെയുള്ള ഇത്തരം ആരോപണങ്ങളുടെ ഗൗരവം ബൈഡന്‍ ഭരണകൂടത്തിലെ അംഗങ്ങള്‍ അംഗീകരിക്കുമ്പോഴും ആണവ വിഷയവുമായി ഇതിനെ കൂട്ടികുഴയ്‌ക്കരുതെന്നാണ് നിലപാട്. ഇറാനില്‍നിന്നും യുഎസ് അഭിമുഖീകരിക്കുന്ന ഏറ്റവും കടുത്ത വെല്ലുവിളി ആണവായുധവുമായി ബന്ധപ്പെട്ടതാണെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വക്‌താവ് നെഡ് പ്രൈസ് വ്യക്തമാക്കിയത്. ഇറാനില്‍ നിന്ന് നേരിടുന്ന പല വെല്ലുവിളികളും അവര്‍ക്ക് ആണവായുധങ്ങള്‍ ലഭ്യമാവുകയാണെങ്കില്‍ നേരിടാന്‍ പ്രയാസമായിരിക്കും എന്നാണ് ബൈഡന്‍ ഭരണകൂടത്തിന്‍റെ നിലപാട്.

എന്നാല്‍ യുഎസ് കോണ്‍ഗ്രസില്‍ കരാറിനെ ശക്‌തമായി എതിര്‍ക്കാനാണ് റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ തീരുമാനം. കരാര്‍ യഥാര്‍ഥത്തില്‍ ഇറാന് ആണവായുധം വികസിപ്പിക്കാനുള്ള വഴിയാണ് ഒരുക്കുന്നതെന്നാണ് ഇവരുടെ ആരോപണം. ഇറാന്‍റെ 'കുത്സിത' പ്രവര്‍ത്തനങ്ങള്‍ മാറില്ല എന്നതിന്‍റെ കൂടുതല്‍ തെളിവുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ആരോപിക്കുന്നു.

ABOUT THE AUTHOR

...view details