കാബൂൾ:ഇറാൻ കഴിഞ്ഞയാഴ്‌ച 7,612 അഫ്‌ഗാൻ അഭയാർഥികളെ അവരുടെ നാട്ടിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ട്. നിമ്രുസ് പ്രവിശ്യയിലെ അഭയാർഥി സ്വദേശിവത്‌കരണ വകുപ്പിലെ (Refugees and Repatriation Department) താലിബാൻ അധികൃതർ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടതായി ഖാമ പ്രസ് റിപ്പോർട്ട് ചെയ്‌തു. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായ ഇവരിൽ പലരും കുടിയേറ്റം സുഗമമാക്കുന്നതിന് ഐക്യരാഷ്ട്ര ഏജൻസിയായ ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനിൽ നിന്ന് (ഐഒഎം) പണം സ്വീകരിച്ചിട്ടുണ്ടെന്നും അഭയാർഥി സ്വദേശിവത്‌കരണ വകുപ്പ് ഡയറക്‌ടർ സാദിഖുല്ലാഹ് നസ്രത്ത് പറഞ്ഞു.
അഭയാർഥി കുടുംബങ്ങൾക്ക് ഭക്ഷണവും മറ്റ് ആവശ്യമായ വസ്‌തുക്കളും ഐഒഎം വിതരണം ചെയ്‌തിട്ടുണ്ടെന്നും നസ്രത്ത് കൂട്ടിച്ചേർത്തു. ആയിരത്തിലധികം നിർധന കുടുംബങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനായി അഫ്‌ഗാനിസ്ഥാനിലെ അഭയാർഥി, സ്വദേശിവത്‌കരണ മന്ത്രാലയം 'ഓസ്റ്റ' എന്ന് പേരിട്ടിരിക്കുന്ന ഒരു സ്വകാര്യ സ്ഥാപനവുമായി ധാരണാപത്രം ഒപ്പുവച്ചതായും ഖാമ പ്രസ് റിപ്പോർട്ടിൽ പറയുന്നു. ദാരിദ്ര്യം, തൊഴിലില്ലായ്‌മ, തൊഴിൽ സുരക്ഷിതത്വമില്ലായ്‌മ, രാഷ്‌ട്രീയ അസ്ഥിരത എന്നിവയാണ് അഫ്‌ഗാൻ സ്വദേശികൾ കൂട്ടത്തോടെ അയൽരാജ്യങ്ങളിലേക്ക് കുടിയേറുന്നതിന് പിന്നിലെ ഘടകങ്ങൾ എന്ന് ചില വിദഗ്‌ധർ അറിയിച്ചു.