ബാഗ്‌ദാദ്(ഇറാഖ് ):ഇറാഖിലെ ഏറ്റവും ജനകീയനായ ഷിയ നേതാവ് മുഖ്‌തദ അൽ സദർ രാഷ്‌ട്രീയം വിടുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തെരുവിൽ കലാപവുമായി അനുയായികൾ. കലാപത്തിൽ 15 പേർ കൊല്ലപ്പെട്ടു. കലാപത്തെ തുടർന്ന് ഇറാൻ ഇറാഖുമായുള്ള അതിർത്തി അടച്ചു.
ഇറാഖിലേക്കുള്ള മുഴുവൻ വിമാനങ്ങളും റദ്ദാക്കി. ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദ്ദേശം നൽകി. ഇറാഖിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ കുവൈറ്റ് ആവശ്യപ്പെട്ടു. ദുബായിൽ നിന്ന് ബാഗ്‌ദാദിലേക്കുള്ള എമിറേറ്റ്സ് വിമാനവും റദ്ദാക്കി.
സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമെ സർവിസ് പുനരാരംഭിക്കുകയുള്ളു എന്ന് വിമാന കമ്പനി അധികൃതർ വ്യക്തമാക്കി. രാജ്യത്തെ രാഷ്‌ട്രീയകാര്യത്തിൽ ഇനി ഇടപെടില്ലെന്ന് രണ്ട് മാസം മുമ്പ് മുഖ്‌തദ സദർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ താൻ രാഷ്‌ട്രീയം വിടുകയാണെന്നും പാർട്ടി ഓഫിസുകൾ അടച്ചുപൂട്ടണമെന്നും വ്യക്തമാക്കി ഇന്നലെ(29.08.2022) യാണ് സദർ ട്വീറ്റ് ചെയ്‌തത്.
ഇതിന് പിന്നാലെയാണ് അനുയായികൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. പ്രതിഷേധക്കാർ ഇറാഖ് സർക്കാർ ആസ്ഥാന മന്ദിരത്തിലേക്ക് അതിക്രമിച്ചു കയറിയതോടെ ഇടക്കാല പ്രധാനമന്ത്രി മുസ്‌തഫ അൽ കാദിമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ യോഗം തടസപ്പെട്ടു. ഇതോടെയാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ സൈന്യം ആയുധമെടുത്തത്.
കണ്ണീർ വാതകവും ബുള്ളറ്റും പ്രയോഗിച്ചു. സൈന്യവും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 15 പേരാണ് കൊല്ലപ്പെട്ടത്. തെരുവിൽ പ്രതിഷേധം തുടരുന്നതിനാൽ രാജ്യവ്യാപകമായി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറാഖിലെ ഷിയാ സമൂഹത്തിന്‍റെ ആത്മീയ നേതാവായ ആയത്തുല്ല ഖാദിം അൽ ഹൈരി, മതനേതൃത്വം ഒഴിയുന്നതായും അനുയായികളോട് ഇറാനിലെ ആയത്തുല്ല അലി ഖമനയിയെ പിന്തുണയ്‌ക്കണമെന്നും കഴിഞ്ഞ ദിവസം സദർ ആവശ്യപ്പെട്ടിരുന്നു. ഇറാഖിലെ വിശുദ്ധ നഗരമായ നജാഫിലെ ഷിയാ ആത്മീയകേന്ദ്രത്തെ തള്ളിയ ഈ നടപടി അൽ സദറിനു തിരിച്ചടിയായിരുന്നു. തുടർന്നാണ് രാഷ്‌ട്രീയം വിടുന്നുവെന്ന പ്രഖ്യാപനം വന്നത്.
പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ കടന്ന ജനക്കൂട്ടത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നീന്തല്‍കുളത്തില്‍ നിന്നും പട്ടുമെത്തകളില്‍ കിടക്കുന്നതുമായ സമരക്കാരുടെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഷിയാ പിന്തുണയുള്ള സര്‍ക്കാരാണ് ഇറാഖില്‍ ഭരണം നടത്തുന്നത്. ഇവര്‍ക്ക് അയല്‍ രാജ്യമായ ഇറാന്‍റെ പിന്തുണയുണ്ട്. എന്നാല്‍ ഇവരുമായി ശത്രുതയിലാണ് സദര്‍ അനുകൂലികള്‍. ഇരുവിഭാഗവും പരസ്‌പരം കല്ലേറുണ്ടായെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു. നിരവധി വിദേശ എംബസികളും സര്‍ക്കാര്‍ കാര്യാലയങ്ങളുമുള്ള ഗ്രീന്‍ സോണില്‍ യുദ്ധ സമാന സാഹചര്യമാണ് നിലവിലുള്ളത്.
എല്ലാവരും ശാന്തരാകണമെന്ന് ഇടക്കാല പ്രധാനമന്ത്രിയും സൈന്യവും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രതിഷേധം തുടരുകയാണ്. സ്വന്തമായി സായുധ സംഘമുള്ള വ്യക്തിയാണ് സദര്‍. പീസ് ബ്രിഗേഡ് എന്നാണ് ഇദ്ദേഹത്തിന്‍റെ സേനയുടെ പേര്. അണികളോട് ശാന്തരാകാന്‍ സദര്‍ ആവശ്യപ്പെടണമെന്ന് പ്രധാനമന്ത്രി മുസ്‌തഫ അല്‍ ഖാദിമി അഭ്യര്‍ഥിച്ചു.
എല്ലാവരും ആയുധം താഴെ വെക്കുംവരെ നിരാഹാര സമരം നടത്തുമെന്ന് സദറിന്‍റെ മുതിര്‍ന്ന അനുയായി പ്രഖ്യാപിച്ചു.ഇറാനിലെ പുതിയ സ്ഥിതിഗതികളിൽ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയൊ ഗുട്ടറസ് ആശങ്ക രേഖപ്പെടുത്തി. സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടു.