മോസ്‌കോ: റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനെതിരെ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റിനെതിരെ പ്രതികരിച്ച് റഷ്യ. കോടതിയുടെ അതിര് കടന്ന നടപടിയാണ് അറസ്റ്റ് എന്നാണ് റഷ്യയുടെ വാദം. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യ നടത്തിയ കുറ്റങ്ങളുടെ പേരിലാണ് പുടിനെതിരെ ഐസിസി അറസ്റ്റ് വാറന്‍റ്.
അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുടെ റോം ചട്ടങ്ങളില്‍ റഷ്യ നിലവില്‍ അംഗമല്ലെന്നും ചട്ടത്തിന് കീഴിലുള്ള ഒരു ബാധ്യതയും റഷ്യ വഹിക്കുന്നില്ലെന്നും അറസ്റ്റ് വാറന്‍റ് നിരസിച്ചു കൊണ്ട് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖരോവ പറഞ്ഞു. 'അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുമായി റഷ്യ സഹകരിക്കുന്നില്ല. അതിനാല്‍ തന്നെ കോടതിയില്‍ നിന്ന് വരുന്ന അറസ്റ്റ് നിയമപരമായി അസാധുവാകും' -സഖരോവ വ്യക്തമാക്കി.
അറസ്റ്റ് വാറന്‍റ് ടോയ്‌ലറ്റ് പേപ്പറിനോട് ഉപമിച്ച് ദിമിത്രി:അതിനിടെ പ്രസിഡന്‍റ് പുടിനെതിരെ വന്ന അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്‍റിനെ ടോയ്‌ലറ്റ് പേപ്പറുമായി ഉപമിച്ച് മുൻ റഷ്യൻ പ്രസിഡന്‍റും റഷ്യയുടെ സുരക്ഷ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ദിമിത്രി മെദ്‌വദേവ് രംഗത്തു വന്നു. 'അന്താരാഷ്‌ട്ര ക്രിമിനൽ കോടതി വ്‌ളാഡിമിർ പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. ഈ പേപ്പർ എവിടെയാണ് ഉപയോഗിക്കേണ്ടതെന്ന് വിശദീകരിക്കേണ്ടതില്ല' -ടോയ്‌ലറ്റ് പേപ്പർ ഇമോജിക്കൊപ്പം ദിമിത്രി മെദ്‌വദേവ് ട്വീറ്റ് ചെയ്‌തു.
യുക്രൈനിലെ കുട്ടികളെ റഷ്യയിലേക്ക് കടത്തി എന്ന കുറ്റത്തിന് പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും റഷ്യന്‍ ഉദ്യോഗസ്ഥയായ മരിയ അലക്സെയേവ്ന എൽവോവ-ബെലോവയ്‌ക്കും എതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതായി അന്താരാഷ്‌ട്ര ക്രമിനല്‍ കോടതി വെള്ളിയാഴ്‌ച സ്ഥിരീകരിച്ചിരുന്നു. റഷ്യൻ ഫെഡറേഷന്‍റെ പ്രസിഡന്‍റ് ഓഫിസില്‍ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കമ്മിഷണറാണ് മരിയ അലക്സെയേവ്ന എൽവോവ-ബെലോവ.