ന്യൂഡല്‍ഹി: യുകെയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിന് നേരെയുണ്ടായ ഖലിസ്ഥാൻ ആക്രമണത്തില്‍ ഇടപെട്ട് വിദേശകാര്യമന്ത്രാലയം. ഇന്ത്യയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ക്രിസ്‌റ്റിന സ്‌കോട്ടിനെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസ് പരിസരത്ത് ആവശ്യമായ സുരക്ഷ ഉറപ്പാക്കാത്ത സാഹചര്യം തികച്ചും അപലപനീയമാണെന്ന് ഇന്ത്യ പ്രതികരിച്ചു.
ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിങ്ങിനും അനുയായികൾക്കും എതിരെ പഞ്ചാബ് പൊലീസ് എടുത്ത നടപടിയുടെ പശ്ചാത്തലത്തിലാണ് ബ്രിട്ടനിലെ ഹൈക്കമ്മിഷൻ ഓഫിസിന് നേരെ അതിക്രമം ഉണ്ടായത്. ഇന്ത്യൻ പതാക വലിച്ചെറിഞ്ഞാണ് ഖലിസ്ഥാൻ വാദികള്‍ പ്രതിഷേധിച്ചത്.
ഹൈക്കമ്മിഷനിലുണ്ടായ ഇത്തരം സുരക്ഷ വീഴ്‌ച അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവയില്‍ വ്യക്തമാക്കി. ഹൈക്കമ്മിഷനിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും സുരക്ഷയെ സംബന്ധിക്കുന്ന മുഴുവന്‍ കാര്യങ്ങളിലും ഇന്ത്യ വിശദീകരണം ആവശ്യപ്പെട്ടു. ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെയും യുകെയിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷയിൽ യുകെ സര്‍ക്കാരിന്‍റെ നിസംഗത അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ അറിയിച്ചു.
വിയന്ന കൺവെൻഷന്‍റെ കീഴിലുള്ള യുകെ ഗവണ്‍മെന്‍റിന്‍റെ അടിസ്ഥാന ബാധ്യതകളെക്കുറിച്ചും ഓര്‍മിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും കണ്ടെത്തി അവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
തങ്ങളുടെ രാജ്യത്തെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയില്‍ യുകെ ഗവൺമെന്‍റ് ഉദാസീനത പുലർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ. അസ്വീകാര്യമായ സംഭവത്തിൽ ഉൾപ്പെട്ട ഓരോ തീവ്രവാദികളെയും കണ്ടെത്താനും പിടികൂടാനും ചോദ്യം ചെയ്യാനും യുകെ സർക്കാർ അടിയന്തര നടപടികൾ ആരംഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഇന്ത്യ പറഞ്ഞു. കൂടാതെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ ആവശ്യമാണെന്നും എംഇഎ പ്രസ്‌താവനയിൽ വ്യക്തമാക്കി.
ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസ് അക്രമത്തെ അപലപിച്ചു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷന് നേരെ നടന്ന പ്രതിഷേധത്തെയും അക്രമത്തേയും ഞാൻ അപലപിക്കുന്നു. നടന്നതൊക്കെ അസ്വീകാര്യമാണ്. അലക്സ് എല്ലിസ് ട്വീറ്റ് ചെയ്തു. അക്രമകാരികള്‍ ഇന്ത്യൻ ഹൈക്കമ്മിഷനിലെ പതാക അഴിച്ചുമാറ്റുന്നത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ കാണാം.ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ ഇന്ത്യന്‍ പതാക നശിച്ചതിന് ശേഷം പ്രതിഷേധക്കാര്‍ ഖലിസ്ഥാന്‍ പതാക വീശിയതും വീഡിയോയില്‍ കാണാം. ഹൈക്കമ്മിഷനിലുണ്ടായ സംഭവങ്ങളെല്ലാം അസ്വീകാര്യമാണെന്നും അലക്‌സ് ട്വീറ്റില്‍ കുറിച്ചു.
വിഘടനവാദി പിടികിട്ടാപ്പുള്ളിയായി: 'വാരിസ് പഞ്ചാബ് ദേ' നേതാവും ഖലിസ്ഥാന്‍ അനുകൂലിയുമായ അമൃത്‌പാല്‍ സിങ്ങിനെ പഞ്ചാബ് കഴിഞ്ഞ ദിവസം പിടികിട്ടാപ്പുള്ളി പ്രഖ്യാപിക്കുകയും അമൃത്‌പാല്‍ സിങ്ങിനും നാല് അനുയായികള്‍ക്കുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്‌തിരുന്നു. അമൃത് പാല്‍ സിങ്ങിന്‍റെ വാഹനവ്യൂഹവും പഞ്ചാബ് പൊലീസും തമ്മില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടാകുകയും സംഘര്‍ഷത്തിനിടെ ഇയാള്‍ രക്ഷപ്പെടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
അമൃത് പാല്‍ സിങ്ങ് അറസ്റ്റിലായെന്ന വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് രക്ഷപ്പെട്ടെന്നുള്ള വാര്‍ത്തയെത്തിയത്. സംഭവത്തെ തുടര്‍ന്ന് അമൃത്പാല്‍ സിങ്ങിന്‍റെ വീട്ടിലും ഗ്രാമത്തിലും ബന്ധു വീടുകളിലും പരിശോധന നടത്തി. സംഘര്‍ഷത്തിനിടെ അമൃത് പാല്‍ സിങ്ങിന്‍റെ 7 അനുയായികള്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്ന് പൊലീസ് തോക്കുകള്‍ കണ്ടെത്തിയിരുന്നു. അമൃത് പാല്‍ സഞ്ചരിച്ച കാറില്‍ നിന്നും തോക്കുകളും ആയുധങ്ങളും സ്‌ഫോടന വസ്‌തുക്കളും പൊലീസ് പിടിച്ചെടുത്തു. വാഹന വ്യൂഹത്തിന് നേരെ പൊലീസെത്തിയതോടെ കാര്‍ ഉപേക്ഷിച്ചാണ് ഇയാള്‍ കടന്ന് കളഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് പ്രവാസികളായ ഒരു കൂട്ടം സിഖുകാര്‍ അമൃത്‌പാല്‍ സിങ്ങിനും അനുയായികള്‍ക്കുമെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധം നടത്തി. ഐസ്ഐ ബന്ധം ആരോപിക്കുന്ന അമൃത് പാല്‍ സിങ്ങിനെയും മുഴുവന്‍ അനുയായികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം ഇയാള്‍ അസമിലേക്ക് രക്ഷപ്പെട്ടതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അമൃത് പാല്‍ സിങ്ങിനായുള്ള അന്വേഷണത്തില്‍ പഞ്ചാബ് പൊലീസ് അസം പൊലീസിന്‍റെ സഹായവും തേടിയുണ്ട്. ഇയാള്‍ക്കെതിരെ വ്യാപക തെരച്ചില്‍ നടത്തുന്ന സാഹചര്യത്തില്‍ പഞ്ചാബില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ വന്‍ സുരക്ഷ സേന തന്നെ എത്തിയിട്ടുണ്ട്.