കാഠ്‌മണ്ഡു:താരാ എയർ വിമാനാപകടത്തിൽ നാല് ഇന്ത്യക്കാരുൾപ്പെടെ 22 പേർ മരിച്ച സംഭവത്തിൽ നേപ്പാളിലെ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി. കാണാതായ വിമാനത്തിലുണ്ടായിരുന്ന 22 പേരുടെയും മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മുസ്‌താങ് ജില്ലയിലെ സനോസ്‌വരിലാണ് കഴിഞ്ഞ ഞായറാഴ്‌ച താര എയറിന്‍റെ 9 എൻഎഇടി വിമാനം തകർന്നുവീണത്.
നേപ്പാൾ വിമാനാപകടം : അനുശോചനം രേഖപ്പെടുത്തി നേപ്പാളിലെ ഇന്ത്യൻ എംബസി നാല് ഇന്ത്യക്കാരും, രണ്ട് ജർമൻ സ്വദേശികളും, 13 നേപ്പാളി യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. പറന്നുയർന്ന ഉടൻ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. പൊഖാറയിൽ നിന്ന് ജോംസോമിലേക്ക് പോവുകയായിരുന്ന ടർബോപ്രോപ്പ് വിമാനം മനാപതി കൊടുമുടിയുടെ മുകളിൽ നിന്നും 14,500 അടി താഴ്‌ചയിലേക്ക് തകർന്നുവീഴുകയായിരുന്നു.
വിമാനത്തിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് 21 മൃതദേഹങ്ങൾ തിങ്കളാഴ്‌ച രക്ഷാപ്രവർത്തകർ കണ്ടെടുത്തിരുന്നു. അവസാന മൃതദേഹം ചൊവ്വാഴ്‌ചയാണ് കണ്ടെത്തിയത്. മരിച്ച 22 പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തുന്നതിനായി ത്രിഭുവൻ യൂണിവേഴ്‌സിറ്റി ടീച്ചിങ് ഹോസ്‌പിറ്റലിലാണുള്ളത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
മോശം കാലാവസ്ഥയും തുടർച്ചയായ മഴയും രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടായിരുന്നു. 50-60 രക്ഷാപ്രവർത്തകരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. വിമാനാപകടത്തിന്‍റെ കാരണം കണ്ടെത്താൻ സീനിയർ എയറോനോട്ടിക്കൽ എഞ്ചിനീയർ രതീഷ് ചന്ദ്ര ലാൽ സുമന്‍റെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ കമ്മീഷനെ സർക്കാർ രൂപീകരിച്ചതായി അധികൃതർ അറിയിച്ചു.