വാഷിങ്ടൺ (യുഎസ്) : ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ ഒഴിച്ചുകൂടാനാകാത്ത വിധത്തിൽ പങ്കാളികളായെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു. അർധചാലകങ്ങൾ മുതൽ ബഹിരാകാശം വരെയും വിദ്യാഭ്യാസം മുതൽ ഭക്ഷ്യ സുരക്ഷ വരെയും ഇന്ത്യയും യുഎസും എന്നത്തേക്കാളും കൂടുതൽ വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്‍റ് ജോ ബൈഡന്‍റെയും പ്രഥമ വനിത ജിൽ ബൈഡന്‍റെയും ക്ഷണപ്രകാരം ജൂൺ 21നാണ് പ്രധാനമന്ത്രി യുഎസ് സന്ദർശനത്തിന് എത്തിയത്. മോദിയുടെ യുഎസ് സന്ദർശനത്തിന്‍റെ അവസാന ദിവസമാണ് ഇന്ന്. 'കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ, അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളർന്നു. മുമ്പത്തേക്കാൾ കൂടുതൽ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു. അർധചാലകങ്ങൾ മുതൽ ബഹിരാകാശം വരെ, വിദ്യാഭ്യാസം മുതൽ ഭക്ഷ്യ സുരക്ഷ വരെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും ബ്ലിങ്കൻ കൂട്ടിച്ചേർത്തു.
21-ാം നൂറ്റാണ്ടിന്റെ പങ്കാളിത്തത്തെ നിർവചിക്കാൻ സാധിക്കുന്ന ബന്ധമാണ് അമേരിക്കയും ഇന്ത്യയും തമ്മിലുള്ളതെന്നും ബ്ലിങ്കൻ വ്യക്തമാക്കി. ഇരുരാജ്യങ്ങളും ഒരുമിച്ച് ഇന്തോ-പസഫിക് മേഖലയിലും ലോകമെമ്പാടും കൂടുതൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നു, രോഗത്തിനെതിരെ പോരാടുന്നു, പ്രകൃതി ദുരന്തങ്ങളോട് പ്രതികരിക്കുന്നു, സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നു, ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്‍റെ ഹൃദയഭാഗത്തുള്ള തത്വങ്ങൾക്കായി നിലകൊള്ളുന്നും. അദ്ദേഹം പറഞ്ഞു.
ഭാവി തലമുറയ്ക്കായി ഈ ഗ്രഹത്തെ സംരക്ഷിക്കാനും താങ്ങാനാവുന്ന സോളാർ പാനലുകളും സുസ്ഥിര വ്യോമയാന ഇന്ധനങ്ങളും വികസിപ്പിക്കാനും ഇന്ത്യയും യുഎസും പ്രവർത്തിക്കുന്നുണ്ടെന്നും ബ്ലിങ്കൻ വ്യക്തമാക്കി. ഞങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന സംരംഭകർ മുതൽ ഇന്ത്യയിലും തിരിച്ചും നിക്ഷേപം നടത്തുന്ന യുഎസ് കമ്പനികൾ വരെ ഞങ്ങൾ അവസരങ്ങളും നവീകരണവും നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.