കാഠ്‌മണ്ഡു :സപ്‌ത കോസി ഡാം പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ ധാരണ. പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങള്‍ നടത്താനാണ് തീരുമാനം. ജലവിഭവ വികസനവുമായി ബന്ധപ്പെട്ട ഇന്ത്യ-നേപ്പാള്‍ സംയുക്ത കമ്മിറ്റിയുടെ 9-ാം യോഗത്തിലാണ് ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തീരുമാനമെടുത്തത്.
ഈ യോഗത്തിന് മുന്‍പ് സെപ്റ്റംബര്‍ 21, 22 തീയതികളിലായി ജലവിഭവ സംയുക്ത സാങ്കേതിക സ്ഥിരം കമ്മിറ്റിയുടെ 7-ാം യോഗം നടന്നിരുന്നു. ജലവിഭവ വികസനവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണമാണ് രണ്ട് യോഗങ്ങളും ചര്‍ച്ച ചെയ്‌തത്. മഹാകാളി കരാര്‍, സപ്‌ത കോസി-സണ്‍ കോസി പദ്ധതി, വെള്ളപ്പൊക്കം തടയുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗത്തില്‍ വിശകലനം ചെയ്‌തു.
മഹാകാളി കരാർ:1996ലാണ് മഹാകാളി കരാര്‍ ഒപ്പുവച്ചത്. മഹാകാളി നദിയുടെ ഏകീകൃതമായ വികസനത്തിനായി ശാരദ തടയണ, ടനക്‌പുര്‍ തടയണ, പഞ്ചേശ്വര്‍ പദ്ധതി ഉള്‍പ്പടെയുള്ള വികസന പദ്ധതികളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്. വെള്ളപ്പൊക്കം നേരിടുന്നതിനായുള്ള സംയുക്ത കമ്മിറ്റി, കോസി-ഗണ്ടക് പദ്ധതിയിലെ സംയുക്ത കമ്മിറ്റി തുടങ്ങിയ ഉഭയകക്ഷി കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടന്നുവെന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സപ്‌ത കോസി ഡാമുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ പഠനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പദ്ധതി നടപ്പാകുമ്പോള്‍ വെള്ളത്തിനടിയിലാകുന്ന മേഖലകള്‍, പാരിസ്ഥികവും സാങ്കേതികവുമായ വശങ്ങള്‍ എന്നിവ പഠന വിധേയമാക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട സംയുക്‌ത വിദഗ്‌ധ സംഘം ഉടന്‍ യോഗം ചേരും.
നേപ്പാളിലെ സപ്‌ത കോസി നദിയില്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നതാണ് ഡാം. വിവിധോദ്ദേശ്യ (Multipurpose) ഡാം ആയിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. തെക്ക് കിഴക്കന്‍ നേപ്പാളിലും വടക്കന്‍ ബിഹാറിലും അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം തടയുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യങ്ങള്‍.