ന്യൂഡൽഹി: ഇന്ത്യ ശ്രീലങ്കയ്ക്ക് ജല പീരങ്കി വിതരണം ചെയ്‌തുവെന്ന വാർത്ത വസ്‌തുതാവിരുദ്ധമെന്ന് കേന്ദ്രസർക്കാർ. ഇത്തരം തെറ്റായ വാർത്തകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് രാജ്യം നൽകുന്ന സഹായങ്ങളും സഹകരണവും ഇല്ലാതാക്കാനാണ് എന്നും കേന്ദ്രം പറഞ്ഞു. ശ്രീലങ്ക നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനാണ് ഭക്ഷണവും മരുന്നുകളും മറ്റ് അവശ്യവസ്‌തുക്കളും നൽകി സഹായിക്കാനാണ് 1 ബില്യൺ യുഎസ് ഡോളറിന്‍റെ ക്രെഡിറ്റ് ലൈൻ ഉദ്ദേശിക്കുന്നതെന്ന് ഹൈകമ്മീഷൻ വ്യക്തമാക്കി.
ഇന്ത്യ വിപുലീകരിച്ച ഏതെങ്കിലും ക്രെഡിറ്റ് ലൈനുകൾക്ക് കീഴിലും ജലപീരങ്കി സംവിധാനങ്ങൾ ഇന്ത്യ ശ്രീലങ്കൻ സർക്കാരിന് നൽകിയിട്ടില്ലെന്ന് ഹൈക്കമ്മീഷൻ ട്വീറ്റിൽ കുറിച്ചു. ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയ വസ്‌തുക്കളുടെ വിശദാംശങ്ങളും ഹൈക്കമ്മീഷൻ പുറത്തിറക്കി. ശ്രീലങ്കയുടെ ഭക്ഷണം, ആരോഗ്യം, ഊർജ്ജ സുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിനായി മാർച്ച് 17 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേന ശ്രീലങ്കൻ ഗവൺമെന്‍റിന് 1 ബില്യൺ യുഎസ് ഡോളറിന്‍റെ ഇളവുള്ള വായ്‌പ ഇന്ത്യ ഗവൺമെന്‍റ് നൽകി.
കൂടാതെ, അരി, ചുവന്ന മുളക് തുടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ ഇതിനോടകം തന്നെ വിതരണം ചെയ്‌തിട്ടുണ്ട്. സർക്കാരിന്‍റെയും ജനങ്ങളുടെയും മുൻഗണന അടിസ്ഥാനമാക്കി പഞ്ചസാര, പാൽപ്പൊടി, ഗോതമ്പ്, മരുന്നുകൾ, ഇന്ധനം, വ്യാവസായിക അസംസ്‌കൃത വസ്‌തുക്കൾ എന്നിവയുടെ വിതരണത്തിനുള്ള മറ്റ് നിരവധി കരാറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.