ഇസ്‌ലാമാബാദ്: അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ശിക്ഷ താത്‌കാലികമായി മരവിപ്പിച്ചു (Pakistan court suspends conviction of Imran Khan). തോഷഖാന അഴിമതി കേസിൽ (Toshakhana Case) ഇമ്രാൻ നൽകിയ അപ്പീൽ പരിഗണിച്ച ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് (Islamabad High Court) നടപടിയെടുത്തത്. ഇസ്‌ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ്, ജസ്റ്റിസ് താരിഖ് മെഹ്മൂദ് ജഹാംഗിരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
തോഷഖാന അഴിമതി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇസ്‌ലാമാബാദിലെ വിചാരണ കോടതി ഇമ്രാനെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്. തടവിന് പുറമെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഞ്ച് വർഷത്തേക്ക് അയോഗ്യതയും 10 ലക്ഷം പാക് രൂപ പിഴയും ശിക്ഷാവിധിയിലുണ്ടായി. കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ ലാഹോറിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്‌ത ഇമ്രാനെ അറ്റോക്ക് ജയിലിലടയ്ക്കുകയായിരുന്നു.
തോഷഖാന അഴിമതിക്കേസ് : ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ലഭിച്ച 14 കോടി പാകിസ്ഥാൻ രൂപ മൂല്യമുള്ള സമ്മാനങ്ങൾ കുറഞ്ഞവിലയ്ക്ക് സർക്കാർ ഖജനാവിൽനിന്ന് ലേലത്തിൽ വാങ്ങിയശേഷം മറിച്ചു വിറ്റതാണ് തോഷഖാന അഴിമതിക്കേസ്. പ്രധാനമന്ത്രി ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ അധികൃതരെ അറിയിക്കണമെന്നാണ് പാകിസ്ഥാനിലെ നിയമം. നിശ്ചിത തുകയിൽ കുറവാണ് മൂല്യമെങ്കിൽ മാത്രമേ അവ കൈവശം വയ്ക്കാനാകൂ. അല്ലാത്തവ തോഷഖാന എന്ന ഖജനാവിലേക്ക് മാറ്റണം. പിന്നീട് ഈ സമ്മാനങ്ങളുടെ വില 50 ശതമാനം വരെ കുറച്ച് സ്വന്തമാക്കാനാകും. എന്നാൽ ഇമ്രാൻ ഖാൻ നിയമം ലംഘിച്ച് 20 ശതമാനം വരെ കുറച്ച് സമ്മാനങ്ങൾ സ്വന്തമാക്കുകയും അവ മറിച്ചുവിൽക്കുകയും ചെയ്‌തു എന്നായിരുന്നു ആരോപണം.