ഇസ്‌ലാമബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. എഴുപതുകാരനായ ഇമ്രാൻ ഖാന്‍റെ വലതു കാലിലാണ് വെടിയേറ്റത്. പാകിസ്ഥാൻ സർക്കാരിന് എതിരെ നടത്തുന്ന പ്രതിഷേധ മാർച്ചായ ആസാദി മാർച്ചിലെ റാലിക്കിടെ പഞ്ചാബ് പ്രവിശ്യയില്‍ വസീറാബാദിലെ അല്ലാവാല ചൗക്കിന് സമീപത്തു വച്ചാണ് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു വെടിവയ്‌പ്പില്‍ ഒരാൾ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായാണ് റിപ്പോർട്ടുകൾ. ഇമ്രാൻ ഖാന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭ്യമാകുന്ന സൂചന.
ഒപ്പമുണ്ടായിരുന്ന ഫൈസല്‍ ജാവേദ് എന്ന സെനറ്റർക്കും വെടിയേറ്റ് പരിക്കുണ്ട്. ' കറുത്ത കോട്ട് ധരിച്ച ഒരാളെ ഞാൻ കണ്ടു. അയാൾ ഇമ്രാന് നേരെ വെടിയുതിർക്കുന്നതും കണ്ടു. അപ്പോൾ തന്നെ ഇമ്രാനെ ഞാൻ തള്ളിമാറ്റി. അതിനിടയില്‍ വെടിവച്ചു കഴിഞ്ഞിരുന്നു'. ഇമ്രാൻ ഖാന് ഒപ്പമുണ്ടായിരുന്ന തെഹ്‌രീക് ഇ ഇൻസാഫ് പ്രവർത്തകൻ പറഞ്ഞു.
ഇമ്രാൻ ഖാന്‍റെ വലതുകാലില്‍ വെടിയേല്‍ക്കുന്ന ദൃശ്യം ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇമ്രാൻ ഖാനെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്ക് മാറ്റി, അതിനു ശേഷം ആശുപത്രിയിലേക്കും മാറ്റി. സംഭവ സ്ഥലത്ത് നിന്ന് ഒരാളെ അറസ്റ്റ് ചെയ്‌തതായാണ് വിവരം. ഇയാളെ പൊലീസ് അഞ്ജാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.
വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഒക്ടോബർ 28നാണ് ഇമ്രാൻ ഖാൻ ലാഹോറിൽ നിന്ന് ഇസ്‌ലാമബാദിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. അതേസമയം ആക്രമണത്തിന്‍റെ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ അറിയിച്ചു. 'ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നു. നിരീക്ഷണം തുടരും'. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി പത്രക്കുറിപ്പിലൂടെ വ്യക്‌തമാക്കി.