ലാഹോർ:പാകിസ്ഥാൻ തെഹരിഖ്- ഇ- ഇൻസാഫ് (പിടിഐ) പാർട്ടിയുടെ റാലിക്കിടെ പിടിഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പഞ്ചാബ് പൊലീസിനെതിരെ ആഞ്ഞടിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ ചെയർമാനുമായ ഇമ്രാൻ ഖാൻ. പഞ്ചാബ് പൊലീസിന്‍റെ പ്രവർത്തനം ലജ്ജാകരമാണെന്ന് പറഞ്ഞ ഇമ്രാൻ ഖാൻ പഞ്ചാബിലെ കാവൽ സർക്കാരിന്‍റെ പ്രവർത്തനം ജനാധിപത്യത്തെ തടയുന്നതിന് തുല്യമാണെന്നും അഭിപ്രായപ്പെട്ടു.
പിടിഐ റാലിക്കിടെ കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് ആക്രമണത്തിൽ അലി ബിലാൽ എന്ന അനുയായി കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അതേസമയം പാർട്ടി പ്രവർത്തകർ സർക്കാരുമായി സഹകരിച്ചില്ലെന്നും അവരുടെ മോശം പ്രവർത്തനങ്ങളാണ് ഇത്തരത്തിലുള്ള സംഭവത്തിലേക്ക് നയിച്ചതെന്നും ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞു. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഇടക്കാല മുഖ്യമന്ത്രി മൊഹ്‌സിൻ നഖ്വി ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തോട് ശക്‌തമായ ഭാഷയിലാണ് ഇമ്രാൻ ഖാൻ പ്രതികരിച്ചത്. 'നിരായുധനായ അലി ബിലാൽ, ഞങ്ങളുടെ അർപ്പണബോധമുള്ള പിടിഐ പ്രവർത്തകനെ പഞ്ചാബ് പൊലീസ് കൊലപ്പെടുത്തി. തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാൻ വരികയായിരുന്ന നിരായുധരായ പിടിഐ പ്രവർത്തകർക്ക് നേരെയുള്ള ഈ ക്രൂരത ലജ്ജാകരമാണ്. പാകിസ്ഥാൻ കൊലപാതക കുറ്റവാളികളുടെ പിടിയിലാണ്. ഐജി, സിസിപിഒ ഉൾപ്പെടെയുള്ളവർക്കെതിരെ ഞങ്ങൾ കൊലക്കുറ്റത്തിന് കേസുകൊടുക്കും. അദ്ദേഹം പറഞ്ഞു.
അടിച്ചമർത്തൽ നിർത്തൂ: ബുധനാഴ്‌ച നടന്ന പിടിഐയുടെ റാലിക്കിടെയാണ് അലി ബിലാൽ എന്ന പ്രവർത്തകൻ കൊല്ലപ്പെട്ടത്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അലി ബിലാലിന്‍റെ തലയിൽ വടികൊണ്ടുള്ള അടിയേൽക്കുകയായിരുന്നു. സർക്കാരിന്‍റെ ഇത്തരം നീക്കങ്ങളിൽ സങ്കടമുണ്ടെന്ന് ആക്രമണ സംഭവങ്ങൾക്ക് ശേഷം ബുധനാഴ്‌ച രാജ്യത്തെ അഭിസംബോധന ചെയ്യവെ ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.