ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം അടുക്കെ ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന്‍റെ 50ഓളം മന്ത്രിമാരെ പൊതുവേദികളിൽ കാണാനില്ലെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ. പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷമായ മന്ത്രിമാരിൽ 25 പേർ ഫെഡറൽ, പ്രവിശ്യ ഉപദേഷ്‌ടാക്കളും സ്‌പെഷ്യൽ അസിസ്റ്റന്‍റുമാരുമാണ്. കൂടാതെ നാല് പേർ സഹമന്ത്രിമാരും നാല് ഉപദേഷ്ടാക്കളും 19 പേർ സ്‌പെഷ്യൽ അസിസ്റ്റന്‍റുമാരുമാണ്.
ഫെഡറൽ തലത്തിൽ ഇമ്രാൻ ഖാന് മന്ത്രിമാരുടെ പിന്തുണ ഇപ്പോഴുമുണ്ട്. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരി, ഊർജ മന്ത്രി ഹമ്മദ് അസ്ഹർ, പ്രതിരോധ മന്ത്രി പർവേസ് ഖട്ടക്, ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് എന്നിവർ ഇമ്രാൻ ഖാനെ പിന്തുണക്കുന്നവരാണ്.
അവിശ്വാസ പ്രമേയം മാർച്ച് 28ലേക്ക് മാറ്റിവച്ചതോടെ സഖ്യകക്ഷികളുടെ പിന്തുണ നേടാനുള്ള ശ്രമങ്ങൾ തെഹ്‌രീകെ ഇൻസാഫ് ഊർജിതമാക്കിയിട്ടുണ്ട്. മുത്തഹിദ ക്വാമി മൂവ്‌മെന്‍റ്-പാകിസ്ഥാൻ പ്രതിനിധി സംഘം ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് പാകിസ്ഥാൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പ്രധാന സഖ്യകക്ഷികളായ മുത്തഹിദ ക്വാമി മൂവ്‌മെന്‍റും പാകിസ്ഥാൻ മുസ്ലീം ലീഗ്-ക്വൈഡും ആയി വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ചർച്ച നടത്തിയതിനെ തുടർന്നാണ് മുത്തഹിദ ക്വാമി മൂവ്‌മെന്‍റ് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്‌ചക്കൊരുങ്ങുന്നത്.
ആകെ 342 പേരുള്ള ദേശീയ അസംബ്ലിയിൽ 172 അംഗങ്ങളുടെ പിന്തുണ ഇമ്രാൻ ഖാന് വേണം. 179 അംഗങ്ങളുടെ പിന്തുണയോടെയാണ് പിടിഐ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലേറിയത്. ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പിടിഐക്ക് 155 അംഗങ്ങളാണുള്ളത്. അതിൽ പിടിഐയിലെ 24 പേർ പ്രതിപക്ഷത്തെ പിന്തുണച്ചു രംഗത്തെത്തി.
Also Read: 21 പുതിയ സൈനിക സ്‌കൂളുകൾക്ക് കൂടി അംഗീകാരം; എറണാകുളത്തും സൈനിക സ്‌കൂൾ