ഇസ്‌ലാമബാദ്:മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ചെയർമാനുമായ ഇമ്രാൻ ഖാന് നേരെ വെടിയുതിർത്ത അക്രമി കുറ്റസമ്മതം നടത്തുന്ന ദൃശ്യം പുറത്ത്. ഇമ്രാൻ ഖാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അത് തനിക്ക് സഹിക്കാൻ കഴിയാത്തതിനാലാണ് കൊല്ലാൻ ശ്രമിച്ചതെന്നും അക്രമി വീഡിയോയിൽ വെളിപ്പെടുത്തി. ഇമ്രാൻ ഖാനെ മാത്രമേ കൊല്ലാൻ ആഗ്രഹിച്ചിരുന്നുള്ളൂവെന്നും മറ്റാരെയും ലക്ഷ്യമിട്ടിരുന്നില്ലെന്നും പൊലീസ് പിടിയിലായ അക്രമി പറയുന്നു.
അതേസമയം താൻ ഒറ്റയ്‌ക്കാണ് ഈ കൃത്യത്തിന് ശ്രമിച്ചതെന്നും തനിക്ക് ഏതെങ്കിലും രാഷ്‌ട്രീയ, മത, തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്നും അക്രമി വീഡിയോയിൽ വെളിപ്പെടുത്തി. വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒക്‌ടോബർ 28ന് മെഗാ റാലി പ്രഖ്യാപിച്ചതിന് ശേഷമാണ് ഇമ്രാൻ ഖാനെ വധിക്കാനുള്ള ആശയം ഉദിച്ചതെന്നും അക്രമി പറഞ്ഞു.