ന്യൂയോര്‍ക്ക്:മൂന്ന് മാസത്തോളമായി ജനകീയ പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയില്‍ പ്രതിഷേധക്കാരുടെ പരാതികള്‍ പരിഗണിക്കേണ്ടത് അനിവാര്യമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. സമാധാനപരവും ജനാധിപത്യപരവുമായ പരിവർത്തനത്തിനായി വിട്ടുവീഴ്‌ച ചെയ്യാൻ ശ്രീലങ്കയിലെ എല്ലാ പാർട്ടി നേതാക്കളോടും യുഎൻ മേധാവി അഭ്യർഥിച്ചു. ശ്രീലങ്കയിലെ നിലവിലെ സ്ഥിതിഗതികള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും അന്‍റോണിയോ ഗുട്ടെറസ് ട്വിറ്ററിലൂടെ അറിയിച്ചു.
'ശ്രീലങ്കയിലെ സ്ഥിതിഗതികൾ വളരെ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്. നിലവിലെ സംഘര്‍ഷത്തിന്‍റെയും പ്രതിഷേധക്കാരുടെ പരാതികളുടെയും മൂലകാരണങ്ങൾ അഭിസംബോധന ചെയ്യേണ്ടത് പ്രധാനമാണ്. സമാധാനപരവും ജനാധിപത്യപരവുമായ പരിവർത്തനത്തിനായി വിട്ടുവീഴ്‌ച ചെയ്യണമെന്ന് എല്ലാ പാർട്ടി നേതാക്കളോടും അഭ്യർഥിക്കുന്നു,' അന്‍റോണിയോ ഗുട്ടെറസ് ട്വീറ്റ് ചെയ്‌തു.
പ്രക്ഷോഭം വീണ്ടും ശക്തം: രാജി വയ്ക്കാതെ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ രാജ്യം വിട്ടതോടെയാണ് ശ്രീലങ്കയില്‍ വീണ്ടും പ്രക്ഷോഭം ശക്തമായത്. ബുധനാഴ്‌ച പുലര്‍ച്ചെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മാലദ്വീപിലേക്ക് രക്ഷപ്പെട്ട പ്രസിഡന്‍റ് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ ഇടക്കാല പ്രസിഡന്‍റായി നിയോഗിച്ചു. ഇതിന് പിന്നാലെ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി.
പ്രതിഷേധം കനത്തതോടെ ആക്‌ടിങ് പ്രസിഡന്‍റ് എന്ന അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ റെനില്‍ വിക്രമസിംഗെയുടെ ഓഫിസിലേക്ക് പ്രക്ഷോഭകർ അതിക്രമിച്ചു കയറി. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സുരക്ഷ സേന കണ്ണുനീര്‍ വാതകം പ്രയോഗിച്ചു. അതേസമയം, ഭാര്യയ്ക്കും രണ്ട് അംഗരക്ഷകരോടൊപ്പം മാലദ്വീപിലുള്ള ഗോതബായ രാജപക്‌സെ സിംഗപൂരിലേക്ക് പോകുമെന്നാണ് വിവരം.
Read More: ലങ്ക കലുഷിതം ; പ്രധാനമന്ത്രിയുടെ ഓഫിസ് പിടിച്ചെടുത്ത് പ്രക്ഷോഭകര്‍