കൊളംബോ : കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്ക അന്താരാഷ്‌ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) നിന്ന് വായ്‌പയെടുക്കാനായി പ്രാഥമിക കരാറിലെത്തി. 2.9 ബില്യണ്‍ യു.എസ് ഡോളറാണ് വായ്‌പയെടുക്കുന്നത്. 1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണിപ്പോള്‍ ശ്രീലങ്ക കടന്നുപോകുന്നത്.
രാജ്യത്തെ സാമ്പത്തിക സ്ഥിരത സംരക്ഷിക്കുകയും പുനസ്ഥാപിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വായ്‌പയെടുക്കാനായി ഏപ്രില്‍ അവസാനത്തോടെ ശ്രീലങ്ക ഐഎംഎഫുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഐഎംഎഫിന് മുമ്പാകെ ശ്രീലങ്ക കട പുനഃക്രമീകരണ പദ്ധതി സമര്‍പ്പിച്ചു. ശ്രീലങ്കയുടെ ഐഎംഎഫുമായുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നു.
വായ്‌പ ലഭിച്ചാല്‍ നിലവില്‍ രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് ആശ്വാസമാകും. രാജ്യത്തിന്‍റെ കടബാധ്യതകള്‍ ഒരു പരിധി തീര്‍ക്കാന്‍ വായ്‌പ തുക സഹായകമാകും. എന്നാല്‍ വായ്‌പ നല്‍കുന്നതിനായി ഐഎംഎഫ് ശ്രീലങ്കയ്ക്ക് മുന്നില്‍ നിരവധി വ്യവസ്ഥകള്‍വച്ചിട്ടുണ്ട്. എന്നാല്‍ സാധാരണയായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് സഹായ ഏജന്‍സികള്‍ സ്വീകരിച്ച് വരുന്ന കര്‍ക്കശ നിലപാടൊന്നും ശ്രീലങ്കയോട് ഐഎംഎഫ് കൈക്കൊണ്ടില്ല.
എന്നിരുന്നാലും എല്ലാ മേഖലകളിലും കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്നതാണ് ഐഎംഎഫിന്‍റെ നിബന്ധനകള്‍. രാജ്യത്തെ സാമ്പത്തിക ശേഷി ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഐഎംഎഫ് നിര്‍ദേശിച്ചു. നികുതി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയും വിനിമയ നിരക്ക് പുനസ്ഥാപിച്ചും മൂലധന ബാങ്കിംഗ് സംവിധാനത്തിലൂടെയും രാജ്യത്തിന്‍റെ വരുമാനം ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കണമെന്നും ഐഎംഎഫ് ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതുകൊണ്ട് തന്നെ ഐഎംഎഫിന്‍റെ നിബന്ധനകള്‍ അംഗീകരിച്ച് വായ്‌പയെടുക്കാന്‍ ശ്രീലങ്ക കരാറിലെത്തുകയായിരുന്നു.