ഹൈദരാബാദ് : വിവാഹങ്ങള്‍ സ്വര്‍ഗത്തില്‍ നടക്കുന്നു എന്നാണ് പറയാറ്. പവിത്രമായൊരു ബന്ധമായി പലരും വിവാഹത്തെ കാണാറുമുണ്ട്. എന്നാല്‍ ഈ പറയുന്ന പവിത്രതയൊന്നും പല വിവാഹ ബന്ധങ്ങളിലും ഇല്ല എന്നതാണ് അടുത്തിടെ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ചിലര്‍ക്ക് വിവാഹം പീഡിപ്പിക്കാനുള്ള ലൈസന്‍സാണ്. മറ്റ് ചിലര്‍ക്കാകട്ടെ സമ്പത്തുണ്ടാക്കാനുള്ള മാര്‍ഗവും.
ഗാര്‍ഹിക,സ്‌ത്രീധന പീഡനങ്ങള്‍ മൂലം ജീവന്‍ നഷ്‌ടമാകുക തുടങ്ങി ഞെട്ടിക്കുന്ന നിരവധി സംഭവങ്ങള്‍ ദിവസവും നാം കാണുന്നുണ്ട്. ടോക്‌സിക് ആയ ബന്ധങ്ങളില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കാത്തവരാണ് ഏറെയും. സമൂഹം കല്‍പ്പിക്കുന്ന സദാചാര ബോധത്തിന് കീഴ്‌പ്പെട്ട് ഒന്നുകില്‍ ജീവിതകാലം മുഴുവന്‍ പീഡനം സഹിക്കുകയോ അല്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുകയോ ചെയ്യുന്നവര്‍ ഏറെയാണ് എന്നത് സങ്കടകരമാണ്.
ഇത്തരം സംഭവങ്ങളില്‍ നിന്ന് വലിയ മാറ്റമില്ലാത്ത സംഭവമാണ് പാകിസ്ഥാനിലെ പെഷവാറില്‍ നിന്ന് പുറത്തുവരുന്നത്. 25 വര്‍ഷം ഒരുമിച്ചുകഴിഞ്ഞ ദമ്പതികള്‍ പരസ്‌പരം വെടിവച്ച് കൊല്ലപ്പെട്ടിരിക്കുന്നു. അപൂര്‍വവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതുമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് പെഷവാറിലെ പ്രാദേശിക മാധ്യമങ്ങളാണ്. പെഷവാറിലെ ഷഹാബ് ഖേല്‍ മേഖലയില്‍ വെള്ളിയാഴ്‌ചയാണ് സംഭവം. ബക്ഷീഷ് എന്ന യുവാവും ഭാര്യ മിസ്‌മയും വഴക്കിട്ടതിനെ തുടര്‍ന്നാണ് പരസ്‌പരം വെടിവച്ച് കൊലപ്പെടുത്തിയത്.
സംഭവം ഇങ്ങനെ : ബക്ഷീഷും ഭാര്യ മിസ്‌മയും തമ്മില്‍ വഴക്ക് പതിവായിരുന്നു. വെള്ളിയാഴ്‌ചയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. പ്രകോപിതനായ ബക്ഷീഷ് ഭാര്യക്ക് നേരെ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ മിസ്‌മയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനിടെ യുവതി പ്രാണ രക്ഷാര്‍ഥം ഒരു മുറിയിലേക്ക് ഓടി കയറി വാതില്‍ അടച്ചു.
എന്നാല്‍ മുറിയില്‍ കണ്ട തോക്കുമായി തിരിച്ച് വന്ന് മിസ്‌മ ഭര്‍ത്താവിന് നേരെയും വെടിയുതിര്‍ക്കുകയായിരുന്നു. ബക്ഷീഷ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഇവരുടെ മകന്‍ ഖാന്‍ സൈബ് വീട്ടില്‍ എത്തിയപ്പോഴാണ് മരിച്ചുകിടക്കുന്ന പിതാവിനെയും രക്തത്തില്‍ കുളിച്ച് ജീവനുവേണ്ടി പോരാടുന്ന മാതാവിനെയും കണ്ടത്. ഇയാള്‍ മിസ്‌മയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മിസ്‌മയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വച്ച് അവള്‍ മരണത്തിന് കീഴടങ്ങി.
ബക്ഷീഷിനെ കൊലപ്പെടുത്തിയത് മകനാണെന്ന് സംശയം: സംഭവത്തെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് വീട്ടില്‍ നിന്ന് കലാഷ്‌നിക്കോവ് റൈഫിള്‍, ഒരു പിസ്റ്റള്‍, ഒഴിഞ്ഞ ഷെല്ലുകള്‍ എന്നിവ കണ്ടെത്തി. പരസ്‌പരം വെടിയുതിര്‍ത്തുള്ള (cross firing) മരണമാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഈ രീതിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നതും.
എന്നാല്‍ തന്‍റെ അമ്മയെ അച്ഛന്‍ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് കണ്ട മകന്‍ പ്രകോപിതനായി ബക്ഷീഷിനെ വെടിവച്ച് കൊന്നതാകാം എന്ന സംശയവും പൊലീസ് പങ്കുവച്ചു. ഈ രീതിയിലും കേസ് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവയ്‌ക്കായി കാത്തിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ വന്നാല്‍ ഉടന്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
പെഷവാര്‍ നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് അവിടെ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കവര്‍ച്ചയാണ് നഗരത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഏറെയും. അതില്‍ തന്നെ മൊബൈല്‍ ഫോണ്‍ കവര്‍ച്ചയാണ് കൂടുതല്‍.
അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നത് പാകിസ്ഥാനെ സാമ്പത്തിക പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. അതേസമയം ജനുവരിയിൽ ഒരു മസ്‌ജിദിലുണ്ടായ ദാരുണമായ സ്ഫോടനത്തില്‍ 100 പേരുടെ ജീവന്‍ നഷ്‌ടപ്പെട്ടത് പെഷവാറിനെ പിടിച്ച് കുലുക്കിയ സംഭവമാണ്.