വാഷിങ്‌ടൺ: സ്‌ട്രോക്കിന് ശേഷമുണ്ടാകുന്ന ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പഠനങ്ങൾ. സ്‌ട്രോക്ക് അതിജീവിച്ചവരിൽ ഡിമെൻഷ്യ ഉൾപ്പടെയുള്ള അസുഖങ്ങളുടെ തീവ്രത കൂടാനുള്ള സാധ്യതയുള്ളതായി ജമാ നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. മിഷിഗൺ യൂണിവേഴ്‌സിറ്റിയിലെ അക്കാദമിക് മെഡിക്കൽ സെന്‍ററായ മിഷിഗൺ മെഡിസിനിൽ നിന്നുള്ള ഗവേഷകരുടെ നേതൃത്വത്തിൽ സ്‌ട്രോക്ക് സിഒജി പഠനത്തിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്.
ചിന്താശേഷി നഷ്‌ടപ്പെടാൻ കാരണം:നാല് പതിറ്റാണ്ടുകളായി ആളുകളിൽ ദീർഘകാല പഠനങ്ങൾ നടത്തി ഡാറ്റ ശേഖരിക്കുകയും സമന്വയിപ്പിക്കുകയും വിശകലനം ചെയ്യുകയും ചെയ്‌താണ് ഈ നിഗമനത്തിൽ ഗവേഷകർ എത്തിയത്. സ്‌ട്രോക്ക് കഴിഞ്ഞവരിൽ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കൂടുതലാണെങ്കിൽ അത്തരക്കാർക്ക് വളരെ വേഗത്തിൽ ചിന്താശേഷി നഷ്‌ടപ്പെടാം. സ്‌ട്രോക്ക് ഉണ്ടായിട്ടുള്ളതും അല്ലാത്തതുമായ 1000 ആളുകളെ തെരഞ്ഞെടുത്ത് ഇവരുടെ രക്തപരിശോധന വിവരങ്ങളാണ് ആദ്യം ശേഖരിച്ചത്.
Also Read :വായുമലിനീകരണം സ്‌ട്രോക്കിന് ശേഷമുള്ള ചലന വൈകല്യത്തിന് കാരണമാകുന്നു ; എലികളിൽ നടത്തിയ പഠനം പുറത്ത്
ഗവേഷകൻ പറയുന്നത്: ഇതിൽ സ്‌ട്രോക്ക് സംഭവിച്ചിട്ടുള്ളവരിൽ അൽഷിമേഴ്‌സ് രോഗത്തിന്‍റെ അപകടസാധ്യത കൂട്ടുന്ന എപിഒഇ4 ജനിതക വ്യതിയാനത്തിനായുള്ള ഒരു ജീൻ ഭൂരിഭാഗം പേരിലും പ്രത്യക്ഷമായിരുന്നു. പഠനത്തിലെ ഗവേഷകനായ ഡെബോറ എ ലെവിൻ പറയുന്നതനുസരിച്ച് സ്‌ട്രോക്ക് ഉണ്ടാകുന്നത് ഒരു വ്യക്തിക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത 50 മടങ്ങ് വരെ വർധിപ്പിക്കുന്നു. എന്നാൽ ഇതിന്‍റെ അപകട സാധ്യത കുറക്കാനുള്ള ചികിത്സ ഇതുവരെ കണ്ടെത്തിയിട്ടില്ല.