വാഷിങ്‌ടൺ : അലാസ്‌കയ്ക്ക് മുകളിലൂടെ പറന്ന അജ്ഞാത പേടകം (high altitude object)വെടിവച്ചിട്ട് അമേരിക്ക. 24 മണിക്കൂർ നിരീക്ഷിച്ച ശേഷമാണ് വെടിവച്ചിട്ടതെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. 40,000 അടി ഉയരത്തിലാണ് പേടകം പറന്നത്.
വിമാന സർവീസുകളുടെ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുമെന്ന നിഗമനത്തെ തുടർന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പേടകം വെടിവച്ചിടാനുള്ള ഉത്തരവിടുകയായിരുന്നു. പേടകത്തിന്‍റെ ഉത്ഭവ രാജ്യം ഏതെന്ന് തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. 'ഞങ്ങൾ ഇതിനെ ഒരു ഒബ്‌ജക്റ്റ് എന്ന് വിളിക്കുന്നു, കാരണം അതാണ് ഇപ്പോൾ ഉള്ള ഏറ്റവും മികച്ച വിവരണം.'- കിർബി പറഞ്ഞു.
ഇത് ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അറിയില്ല. പേടകം അലാസ്‌കയുടെ വടക്കുഭാഗത്തുള്ള ആർട്ടിക് സമുദ്രത്തിലാണ് പതിച്ചതെന്നും അദ്ദേഹം പറഞ്ഞു. പേടകത്തെക്കുറിച്ചും അതിന്‍റെ ഉദ്ദേശത്തെക്കുറിച്ചും കൂടുതലറിയാൻ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. വസ്‌തുവിന്‍റെ അവശിഷ്‌ടങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കിർബി കൂട്ടിച്ചേർത്തു. കഴിഞ്ഞ ശനിയാഴ്‌ച അമേരിക്കയുടെ സമുദ്രാതിർത്തിക്ക് മുകളിലൂടെ പറന്ന ഒരു ചൈനീസ് ചാര ബലൂൺ വെടിവച്ചിട്ടതിന് പിന്നാലെയാണ് ഈ സംഭവവും.
'അബദ്ധത്തിൽ' വന്ന ചാര ബലൂൺ:അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ പറന്ന ചൈനീസ് ചാര ബലൂൺ, അമേരിക്കൻ യുദ്ധവിമാനങ്ങൾ ശനിയാഴ്‌ച ഉച്ചയ്‌ക്ക് 2.40ഓടെ വെടിവച്ചിടുകയായിരുന്നു. എഫ് 22 ജെറ്റ് ഫൈറ്ററിന്‍റെ സഹായത്തോടെയാണ് ചാര ബലൂൺ യുഎസ് വെടിവച്ചിട്ടത്. സൗത്ത് കരോലിനയിൽ നിന്നും ആറ് നോട്ടിക്കൽ മൈൽ അകലെ സമുദ്രത്തിലാണ് ബലൂൺ പതിച്ചത്.