ടെൽ അവീവ് : ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ (Israel - Hamas War). വെള്ളിയാഴ്‌ച രാത്രി ഗാസ നഗരത്തിൽ വലിയ തോതിൽ ബോംബാക്രമണം നടന്നു (Heavy Airstrikes In Gaza). കനത്ത വ്യോമാക്രമണത്തിൽ ഗാസയിലെ മൊബൈൽ, ഇന്‍റർനെറ്റ് ഉൾപ്പടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും തകർന്നതായാണ് വിവരം (Internet Systems Collapsed In Gaza). ഇതോടെ, ഗാസയിലുള്ളവർക്ക് പുറം ലോകവുമായുള്ള ബന്ധം വലിയ തോതിൽ വിച്ഛേദിക്കപ്പെട്ടു. ഗാസയിൽ ഉടനീളമുണ്ടായ സ്‌ഫോടനത്തിൽ ആരോഗ്യമേഖലയും പ്രതിസന്ധിയിലായി.
പരിക്കേറ്റവരെ കണ്ടെത്താനോ ആശുപത്രിയിൽ എത്തിക്കാനോ ആശയവിനിമയ സംവിധാനങ്ങൾ തകർന്നതോടെ സാധിക്കാതെ വന്നു. അതിനിടെ കരയുദ്ധവും ശക്തമാക്കാൻ ഒരുങ്ങുകയാണ് ഇസ്രയേൽ. ഗാസയിലെ സമ്പൂർണ അധിനിവേശമാണ് ഈ നീക്കത്തിലൂടെ ഇസ്രയേൽ ലക്ഷ്യമാക്കുന്നതെന്നാണ് സൂചന.
മൂന്നാഴ്‌ച മുൻപാണ് ഇസ്രയേൽ ഗാസയിൽ ഉപരോധം ഏർപ്പെടുത്തിയത്. ഇതോടെ, വെള്ളം, ഭക്ഷണം, വൈദ്യുതി, ഇന്ധനം എന്നിവയ്‌ക്കായി 23 ലക്ഷം പലസ്‌തീനികൾ വലയുകയാണ്. ഇതിന് പിന്നാലെയാണ് ഇന്നലെ നടന്ന ബോംബാക്രമണത്തിലൂടെ വാർത്താവിനിമയ സംവിധാനങ്ങളും ഇസ്രയേൽ തകർത്തത്. ഇതോടെ നഗരം പൂർണമായും ഇരുട്ടിലായി.
അതേസമയം, തങ്ങൾ കരയുദ്ധത്തിലേയ്‌ക്ക് (Israel Ground War) നീങ്ങിയതായും ഹമാസ് പോരാളികളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തുന്നതെന്നും ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു. സാധാരണക്കാർക്കിടയിൽ നിന്നാണ് ഹമാസ് പ്രവർത്തിക്കുന്നത്. ഇതാണ് സാധാരണക്കാരെയും അപകടത്തിലാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ഗാസയ്‌ക്കുള്ളിൽ നുഴഞ്ഞുകയറി പല തീവ്രവാദ കേന്ദ്രങ്ങളും കരസേന തകർത്തെന്നും ഇസ്രയേൽ അവകാശപ്പെട്ടു.