ലഹൈന : അമേരിക്കയിലെ മൗയിയിലെ ഹവായ് ദ്വീപിലുണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 53 ആയി. ഹവായിയിലുണ്ടായ തീപിടിത്തം ഏറ്റവും വലിയ പ്രകൃതിദുരന്തമായി പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച അർധരാത്രിയോടെയാണ് ഹവായ് ദ്വീപിൽ കാട്ടുതീ പടർന്നത്.
ആയിരത്തിലധികം കെട്ടിടങ്ങൾ തീപിടിത്തത്തിൽ കത്തിനശിച്ചുവെന്ന് ഹവായ് ഗവർണർ ജോഷ് ഗ്രീൻ അറിയിച്ചു. ഇന്നലെ രാവിലെ മൗയി മേയർ റിച്ചാർഡ് ബിസ്സിനൊപ്പം ഗവർണർ ജോഷ് ഗ്രീൻ ദുരന്തബാധിത പ്രദേശത്ത് സന്ദർശനം നടത്തി.
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഗവർണർ ഗ്രീനുമായി ഫോണിൽ ബന്ധപ്പെടുകയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു. രക്ഷപ്രവർത്തനത്തിന് ഫെഡറൽ ദുരന്ത സഹായം അദ്ദേഹം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഫെഡറൽ സഹായത്തിനായുള്ള അഭ്യർഥനകൾ കാര്യക്ഷമമാക്കും, ഫെഡറൽ എമർജൻസി മാനേജ്‌മെന്‍റ് ഏജൻസി മൗയിയിലെ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ദ്വീപിൽ ലഭ്യമായ എല്ലാ കോസ്റ്റ് ഗാർഡുകളോടും വ്യോമസേന ഉദ്യോഗസ്ഥരോടും ഹവായ് നാഷണൽ ഗാർഡിനൊപ്പം പ്രവർത്തിക്കാൻ പ്രസിഡന്‍റ് ഉത്തരവിട്ടു. 'തങ്ങളുടെ പ്രാർഥന ഹവായിയിലെ ജനങ്ങൾക്കൊപ്പമാണ്. പ്രാർഥന മാത്രമല്ല ഞങ്ങളുടെ പക്കലുള്ള എല്ലാ സ്വത്തും അവർക്ക് ലഭ്യമാക്കും' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വത്ത് നഷ്‌ടപ്പെട്ടവർക്കും തീപിടിത്തത്തിൽ പരിക്കേറ്റവർക്കും വേണ്ടിയുള്ള ധനസമാഹരണം പരിശോധിച്ച് വരികയാണ്. സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ ക്രൗഡ് ഫണ്ടിങ് സൈറ്റായ GoFundMe വഴി നൽകാവുന്നതാണ് എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മൗയിയിൽ പടർന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാനും ആളുകളെ രക്ഷിക്കാനുമായി ഹവായിയിലെ എമർജൻസി റെസ്‌പോണ്ടർമാർ ശ്രമം തുടരുകയാണ്.