ടെല്‍അവീവ്: ഹമാസ് ബന്ദികളാക്കിയ പതിനാല് പേരെ താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് ആറാം ദിവസം (truce between Hamas and Israel) വിട്ടയച്ചതായി ഇസ്രയേല്‍ സേന സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര്‍ ഇസ്രയേലികളും നാല് പേര്‍ തായ്‌ലന്‍ഡ് പൗരന്‍മാരുമാണ് (4 Thai hostage released by Hamas). ടൈംസ് ഇസ്രയേലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
താത്ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായാണ് നടപടി. ഗാസമുനമ്പിലെ റാഫാ ഇടനാഴി വഴി റെഡ്ക്രോസിനാണ് ബന്ദികളെ കൈമാറിയത്. നേരത്തെ രണ്ട് റഷ്യന്‍-ഇസ്രയേലി പൗരന്‍മാരെയും ഹമാസ് വിട്ടയച്ചിരുന്നു. ഇത് പക്ഷേ വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായല്ല. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുട്ടിന്‍ നേരിട്ട് ഇടപെട്ടതോടെയാണ് യെലേന ട്രുപണോവിനെയും ഇവരുടെ മാതാവ് ഇറേന താതിയേയും ഹമാസ് വിട്ടയച്ചത്. ഇവരെ ഇസ്രയേലിലെത്തിച്ച ശേഷം ഷേബ മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചു.
റാസ് ബെന്‍ അമി, യാര്‍ദന്‍ റോമന്‍, ലിയാത് അത്സി, മൊറാന്‍ സ്തെല യാനായ്, ലിയാം ഓര്‍, ഇറ്റായി റെജെവ്, ഒഫിര്‍ എയ്ഞ്ചല്‍, അമിത് ഷാനി, ഗലി ടാര്‍ഷന്‍സ്‌കി, റയാ റോട്ടം എന്നീ പത്ത് ഇസ്രയേലികളെയാണ് ഹമാസ് മോചിപ്പിച്ചത്. കെരെം ഷാലോം അതിര്‍ത്തിയില്‍ ഇസ്രയേല്‍ സേന ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചു. വിട്ടയച്ച ബന്ദികളുടെ കുടുംബങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച മുതല്‍ തിങ്കളാഴ്‌ച വരെ ഹമാസ് വിട്ടയച്ചവരുടെ എണ്ണം ഇതോടെ അന്‍പതായി.