റഫാ : ഇസ്രയേൽ - ഹമാസ് യുദ്ധം (Israel - Hamas War) രൂക്ഷമായി തുടരുന്നതിനിടെ ഗാസയിൽ ബന്ദികളാക്കിയ രണ്ട് പേരെ കൂടി ഹമാസ് മോചിപ്പിച്ചു (Hamas frees two elderly Israeli women). രണ്ട് ഇസ്രയേലി യുവതികളെയാണ് കഴിഞ്ഞ ദിവസം ഹമാസ് മോചിപ്പിച്ചത്. യോചെവെദ് ലിഫ്‌ഷിറ്റ്‌സ് (85), നൂറ് കൂപ്പർ (79) എന്നിവരാണ് മോചിതരായത്.
മാനുഷിക കാരണങ്ങളാലാണ് പ്രായമായ ഇവരെ മോചിപ്പിച്ചതെന്ന് ഹമാസ് (Hamas) പ്രസ്‌താവനയിലൂടെ അറിയിച്ചു. ഒക്‌ടോബർ ഏഴിന് ഗാസ (Gaza) അതിർത്തിക്കടുത്തുള്ള നിർ ഓസിലെ കിബ്ബ്‌സിൽ നിന്നാണ് ഈ രണ്ട് സ്‌ത്രീകളേയും അവരുടെ ഭർത്താക്കന്മാരേയും ഹമാസ് ബന്ദികളാക്കിയത്. എന്നാൽ ഇവരുടെ ഭർത്താക്കന്മാരെ ഹമാസ് വിട്ടയച്ചിട്ടില്ല.
കഴിഞ്ഞയാഴ്‌ചയും ഹമാസ് രണ്ട് അമേരിക്കൻ പൗരന്മാരെ മോചിപ്പിച്ചിരുന്നു. അതേസമയം, കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നതിനാൽ ഗാസയിലേക്കുള്ള കര അധിനിവേശം നിലവിൽ നിർത്തിവെക്കാൻ അമേരിക്ക ഇസ്രയേലിനെ ഉപദേശിച്ചു. കഴിഞ്ഞ ദിവസം റഫ (Rafah) അതിർത്തി വഴി ഈജിപ്‌തിൽ നിന്നുള്ള മൂന്നാമത്തെ സഹായ സംഘം (aid Convoy) ഗാസയിയെത്തി.
എന്നാൽ, ഇപ്പോഴും ഗാസയിലെ മുഴുവൻ പേർക്കും മാനുഷിക സഹായം എത്തിക്കാനുള്ള സാധനങ്ങൾ ഇല്ലെന്നാണ് യുഎൻ അറിയിച്ചത്. കൂടാതെ ഇന്ധനം നൽകാൻ ഇസ്രയേൽ ഇപ്പോഴും അനുവാദം നൽകിയിട്ടില്ല. ജീവൻ രക്ഷ മെഡിക്കൽ ഉപകരണങ്ങൾക്കും മാസം തികയാതെ വരുന്ന കുഞ്ഞുങ്ങൾക്കുള്ള ഇൻകുബേറ്ററുകൾക്കുമായി ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ വേണ്ട ഇന്ധനത്തിന് ഗാസയിലെ ആരോഗ്യ വിഭാഗം കഷ്‌ടപ്പെടുകയാണ്.