ഇസ്രയേൽ - പലസ്‌തീൻ യുദ്ധം (Israel- Palestine Conflict) രൂക്ഷമാകുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹമാസ് കമാൻഡർ മഹ്മൂദ് അൽ സഹർ (Hamas Commander Mahmoud al-Zahar). ലോകം തന്നെ പിടിച്ചടക്കാനുള്ള തങ്ങളുടെ ശ്രമത്തിന്‍റെ തുടക്കം മാത്രമാണ് ഇസ്രയേൽ എന്നാണ് മഹ്മൂദിന്‍റെ വെളിപ്പെടുത്തൽ. സമൂഹ മാധ്യമത്തിലൂടെ അതിവേഗം പ്രചരിച്ച ഹമാസ് കമാൻഡറിന്‍റെ വീഡിയോ ജനങ്ങളിൽ ആശങ്ക സൃഷ്‌ടിച്ചു.
ഒരാഴ്‌ച മുൻപാണ് അപ്രതീക്ഷിത സായുധാക്രമണത്തിലൂടെ ഹമാസ് ആയിരക്കണക്കിന് ഇസ്രയേലികളുടെ ജീവനെടുത്തത്. തുടർന്ന് ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ മനുഷ്യത്വരഹിതമായി വ്യോമാക്രമണം നടത്തിയപ്പോൾ ഇസ്രയേലിലും പലസ്‌തീനിലുമായി സാധാരണക്കാരും സൈനികരും ഉൾപ്പടെ 2000 ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.
ലെബനൻ, സിറിയ, ഇറാഖ് തുടങ്ങി വിവിധ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന പലസ്‌തീനികൾക്കും അറബികൾക്കും അനീതിയിൽ നിന്നും അടിച്ചമർത്തലിൽ നിന്നും മുക്തമായ ഒരു ആഗോള സംവിധാനം സ്ഥാപിക്കുക എന്നതാണ് മഹ്മൂദ് അൽ സഹറിന്‍റെ പ്രസ്‌താവനയിൽ പ്രതിഫലിക്കുന്നത്. 510 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ഭൂമിയിലെ എല്ലാ രാജ്യങ്ങളും ഹമാസ് അധീനതയിലാക്കുമെന്നും കമാൻഡർ പറഞ്ഞു.
ഗാസയെ കത്തിയെരിച്ച് ഇസ്രയേൽ വ്യോമാക്രമണം : എന്നാൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു (Israeli Prime Minister Benjamin Netanyahu) ഹമാസിനെതിരെ ഗാസയിൽ നടത്തുന്ന ആക്രമണം തുടരുമെന്ന് ആവർത്തിച്ചു. ഹമാസിനെ ദാഇഷിനോട് (Daesh) (ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ്) ഉപമിച്ച നെതന്യാഹു ലോകം ഐഎഎസിനെതിരെ പോരാടിയതുപോലെ ഹമാസിനേയും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചു. ഇസ്രായേലിലെ സാധാരണക്കാരേയും സൈനികരേയും ഉൾപ്പടെ നിരവധി പേരെ യുദ്ധാന്തരീക്ഷത്തിൽ ഹമാസ് (Hamas) ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.
ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നെതന്യാഹു ഇസ്രയേലിൽ അടിയന്തര ഐക്യ സർക്കാർ (emergency unity government) സ്ഥാപിച്ചു. ഹമാസിനെ തകർക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ് ഇസ്രയേൽ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ഗാസ മുനമ്പിലേയ്‌ക്ക് (Gaza) ഇസ്രയേൽ സൈന്യം തുടർച്ചയായി ബോംബാക്രമണം നടത്തിവരികയാണ്.
Also Read :Israel Hamas Conflict Death Toll: ഹമാസിന്‍റെ ആക്രമണവും ഇസ്രയേലിന്‍റെ പ്രത്യാക്രമണവും, കണക്കില്ലാതെ മരണം: ഹമാസ് കോട്ടകൾ തകർത്ത് ഇസ്രയേൽ
യുദ്ധവെറി തീരാതെ നേതാക്കൾ : ഹമാസിനെ അപലപിച്ച നെതന്യാഹു, ക്രൂരമായ ആക്രമണത്തിന് ഇരകളാക്കപ്പെട്ട ഇസ്രയേലി കുടുംബങ്ങളുടെ ആഴത്തിലുള്ള വൈകാരിക ആഘാതം മനസിലാക്കുന്നതായും ഹമാസിലെ ഓരോ അംഗത്തിനും ഭയാനകമായ വിധിയാണ് കാത്തിരിക്കുന്നതെന്നും ഊന്നിപ്പറഞ്ഞു. യുദ്ധത്തിന് പിന്നാലെ ഗാസയിൽ ഇസ്രയേൽ പൂർണ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇക്കരണത്താൽ ദിവസങ്ങളായി ഗാസ മുനമ്പിലെ 2.3 ദശലക്ഷം നിവാസികളിൽ ഭൂരിഭാഗവും വൈദ്യുതിയും ശുദ്ധജലവും ലഭിക്കാതെ നരകിക്കുകയാണ്. തുടർച്ചയായി ഇസ്രയേൽ വ്യോമാക്രമണവും നടത്തുന്നതിനാൽ സുരക്ഷിതമായ ഒരു താവളവും അവർക്കില്ല.