മിന:ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഹജ്ജ് തീർഥാടകർ ബുധനാഴ്‌ച രാത്രി മുതൽ മിന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. മക്കയിലെ വിശുദ്ധ കഅ്ബയ്ക്ക് ചുറ്റും ത്വവാഫ് അൽ-ഖുദും (ആഗമന ത്വവാഫ് (ചുറ്റുക എന്നാണ് ത്വവാഫ് എന്ന വാക്കിന്‍റെ ഭാഷാര്‍ഥം. മക്കയിലെ കഅ്ബയെ അഭിവാദ്യം ചെയ്യുന്ന രൂപം എന്ന നിലയില്‍ അതിനെ ഏഴുവട്ടം ചുറ്റുന്നതിനാണ് ഇസ്‌ലാമില്‍ ത്വവാഫ് എന്ന് പറയുന്നത്)) നടത്തിയ ശേഷമാണ് തമ്പുകളുടെ നഗരിയായ മിനയിലേക്ക് വിശ്വാസികൾ നീങ്ങിത്തുടങ്ങിയത്.
ബുധനാഴ്‌ച രാത്രിയോടെ തന്നെ മക്കയ്‌ക്ക് ഏഴ് കിലോമീറ്റർ അകലെയുള്ള മിനയ്‌ക്ക് ചുറ്റും എല്ലാ റോഡുകളും ഹൈവേകളും തീർഥാടകരാൽ നിറഞ്ഞിരുന്നു. തീർഥാടകരിൽ ഭൂരിഭാഗം പേരും ബസുകളിലും മറ്റ് വാഹനങ്ങളിലും യാത്ര ചെയ്‌താണ് ഇവിടേക്കെത്തിയത്. മറ്റുള്ളവർ കാൽനടയായെത്തി.
വിശ്വാസികൾ വ്യാഴാഴ്‌ച രാവും പകലും മിനയിൽ ചെലവഴിക്കും. ഹജ്ജിന് തുടക്കം കുറിക്കുന്ന ദുല്‍ഹിജ്ജ എട്ടാം തിയതിയായ തർവിയ്യ ദിനമായ ഇന്ന് ഒരു ദശലക്ഷത്തോളം തീർഥാടകർ മിനയിൽ ഒത്തുചേരും. വെള്ളിയാഴ്ച സുബ്ഹി വരെ നിസ്‌കാരത്തിലും മറ്റു ആരാധന കര്‍മങ്ങളിലുമായി ഒരു രാത്രി മുഴുവന്‍ വിശ്വാസികള്‍ മിനായില്‍ കഴിച്ചുകൂട്ടും. ഹജ്ജ് കര്‍മത്തിനായി വിശ്വാസികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് മിനായിലാണ്. വെള്ളിയാഴ്ച സുബ്ഹി നിസ്‌കാരത്തോടെ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ ലക്ഷ്യമാക്കി ഹാജിമാര്‍ നീങ്ങിത്തുടങ്ങും. വെള്ളിയാഴ്ചയാണ് ഹജ്ജിന്‍റെ സുപ്രധാന കര്‍മമായ അറഫ സംഗമം.
ഇന്ത്യയില്‍ നിന്ന് 79,468 ഹാജിമാര്‍:ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം മിനയിലെ മെട്രോ സ്റ്റേഷനുകള്‍ക്കു സമീപത്തെ ടെന്‍റുകളിലാണ് താമസമൊരുക്കിയത്.ഇന്ത്യയില്‍ നിന്ന് 79,468 ഹാജിമാരാണ് മക്കയിലെത്തിയത്. ഇവരില്‍ 5,765 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രതിനിധിസംഘം മക്കയിലെത്തിയിട്ടുണ്ട്.