സാന്‍ ജുവാന്‍:ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്ന ഹെയ്‌തിയില്‍ ദ്രുതകര്‍മസേനയെ ഉടന്‍ സജ്ജമാക്കണമെന്ന് യു എന്‍ നിര്‍ദേശം. ഇത് സംബന്ധിച്ച് ഒരു കത്ത് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സുരക്ഷ കൗൺസിലിന് കൈമാറി. ഹെയ്‌തിയുടെ സഹായാഭ്യര്‍ഥനയെ തുടര്‍ന്നാണ് നടപടി.
ദ്രുതകര്‍മ സേനയെ സ്വമേധയ വിന്യസിക്കാന്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെടുന്നില്ല. പകരം 15 അംഗ സുരക്ഷ കൗണ്‍സിലില്‍ നിന്ന് ഒന്നോ അതില്‍ അധികമോ രാജ്യങ്ങള്‍ സേനയെ വിന്യസിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഹെയ്‌തിയുടെ ദേശീയ പൊലീസിനെ സഹായിക്കാനാണ് നടപടി കൈക്കൊള്ളേണ്ടതെന്നും ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ നല്‍കിയ കത്തില്‍ പറയുന്നു.
കൂടാതെ രാജ്യത്തെ പ്രധാന തുറമുഖങ്ങളില്‍ നിന്നും വിമാനത്താവളങ്ങളിൽ നിന്നും വെള്ളം, ഇന്ധനം, ഭക്ഷണം, മരുന്നുകള്‍ എന്നിവയുടെ സൗജന്യ നീക്കം സുരക്ഷിതമായി നടത്താനും ദ്രുതകര്‍മസേന ഇടപെടും. പ്രധാനമായും പോർട്ട് ഓ പ്രിൻസ് മെട്രോ പൊളിറ്റൻ മേഖലയിലെ പൊലീസിനെ സംഘര്‍ഷത്തില്‍ സഹായിക്കുമെന്നും യു എന്‍ ജനറല്‍ സെക്രട്ടറി ഗുട്ടെറസ് നല്‍കിയ കത്തില്‍ പറയുന്നു.
രാജ്യതലസ്ഥാനത്തിന്‍റെ നിയന്ത്രണം ഭരണകൂടത്തിന് നഷ്‌ടം:ഹെയ്‌തിയുടെ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിന്‍റെ നിയന്ത്രണം അടുത്തിടെ നൂറ് കണക്കിന് സംഘങ്ങള്‍ പിടിച്ചെടുത്തു. ഇതേ തുടര്‍ന്നാണ് രാജ്യത്ത് ആഭ്യന്തരപ്രതിസന്ധി രൂക്ഷമായത്. രാജ്യതലസ്ഥാനം പിടിച്ചടക്കിയ സംഘം ഗതാഗതം തടസപ്പെടുത്തുകയും ആശുപത്രി, ബിസിനസ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌പ്പിക്കുകയും ചെയ്‌തിരുന്നു.
ഈ സംഘങ്ങളില്‍ നിന്നും രാജ്യതലസ്ഥാനത്തിന്‍റെ നിയന്ത്രണം തിരികെ പിടിക്കാന്‍ പ്രത്യേക സായുധ സേനയുടെ സഹായം ആവശ്യപ്പെടാനായി അടുത്തിടെയാണ് സര്‍ക്കാര്‍ പ്രധാനമന്ത്രി ഏരിയൽ ഹെൻറിയെ ഔദ്യോഗികമായി നിയോഗിച്ചത്. ഇതിനായി പ്രധാനമന്ത്രിയും 18 ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ട ഔദ്യോഗിക രേഖ വെള്ളിയാഴ്‌ചയാണ് (ഒക്‌ടോബര്‍ 7) ഹെയ്‌തി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്.
ഇന്ധന പ്രതിസന്ധിയും അരക്ഷിതാവസ്ഥയും:രാജ്യതലസ്ഥാനവും രാജ്യത്തെ പ്രധാന ഇന്ധന ടെര്‍മിനലുകളിലൊന്നുമായ പോര്‍ട്ട് ഓ പ്രിന്‍സ് നിയന്ത്രണം അക്രമി സംഘം ഏറ്റെടുത്തതിന് ഓരുമാസത്തിന് ശേഷമാണ് സര്‍ക്കാരിന്‍റെ സഹായ അഭ്യര്‍ഥന എത്തിയത്. ടെര്‍മിനല്‍ പിടിച്ചെടുത്ത സംഘം രാജ്യത്തേക്കുള്ള ഇന്ധനവിതരണവും തടസപ്പെടുത്തി. തുടര്‍ന്ന് മേഖലയില്‍ ഇന്ധനവിലവര്‍ധനവിനെതിരെ വ്യാപകപ്രതിഷേധവും രൂപപ്പെട്ടു.ഇന്ധനത്തിന് സബ്‌സിഡി നല്‍കാന്‍ സാധിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഏരിയൽ ഹെൻറി രാജിവെയ്‌ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
രൂക്ഷമായി കോളറ വ്യാപനം:പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യത്ത് ശുദ്ധജലവിതരണവും താറുമാറിലായി. ഇതേ തുടര്‍ന്ന് രാജ്യത്ത് കോളറ വ്യാപനം രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍, ആശുപത്രികള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കൂടാതെ ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വിപണനകേന്ദ്രങ്ങള്‍ മിതമായ സമയത്തേക്ക് മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നത്.
പൗരന്മാരെ തിരികെ വിളിച്ച് അമേരിക്ക: അതേസമയം യുഎസ് എംബസി ഉദ്യോഗസ്ഥർക്ക് താൽക്കാലിക അവധി അനുവദിക്കുകയും യുഎസ് പൗരന്മാരോട് ഉടൻ ഹെയ്തി വിടാൻ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.