കൊളംബോ: മാലദ്വീപിൽ നിന്നും സിംഗപ്പൂരിലേക്ക് പോകാനാകാതെ രാജ്യം വിട്ട ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ. മാലദ്വീപിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള ഷെഡ്യൂൾ ചെയ്‌ത സിംഗപ്പൂർ എയർലൈൻസിൽ സുരക്ഷ കാരണങ്ങളാൽ രാജപക്‌സെയ്ക്ക് കയറാൻ കഴിഞ്ഞില്ല. തുടർന്ന് സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്യാൻ കാത്തിരിക്കുകയാണ് രാജപക്‌സെ.
ബുധനാഴ്‌ച രാത്രി SQ437 വിമാനത്തിൽ ഭാര്യ ലോമയ്ക്കും രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്കുമൊപ്പം സിംഗപ്പൂരിലേക്ക് പോകാനിരിക്കുകയായിരുന്നു രാജപക്‌സെ. എന്നാൽ സുരക്ഷ കാരണങ്ങളാൽ വിമാനത്തിൽ കയറാൻ കഴിഞ്ഞില്ലെന്ന് ശ്രീലങ്കൻ മാധ്യമമായ ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യ വിമാനം ഏർപ്പാടാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ബുധനാഴ്‌ച രാജിവയ്‌ക്കുമെന്ന് അറിയിച്ച പ്രസിഡന്‍റ് രാജ്യം വിട്ട് മണിക്കൂറുകൾക്കകം പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ ആക്‌ടിങ് പ്രസിഡന്‍റായി നിയമിക്കുകയായിരുന്നു. ഇത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയിൽ രാഷ്‌ട്രീയ പ്രതിസന്ധിക്കും ഇടയാക്കുകയും പുതിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്‌തു.
രാജപക്‌സെ റെനിൽ വിക്രമസിംഗെയെ ആക്‌ടിങ് പ്രസിഡന്‍റാക്കി നിയമിച്ചതായി പാർലമെന്‍റ് സ്‌പീക്കർ മഹിന്ദ യാപ്പ അബേവർധനയാണ് അറിയിച്ചത്. എന്നാൽ രാജപക്‌സെയിൽ നിന്ന് പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതിനുള്ള രാജിക്കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അബേവർധന പറഞ്ഞു.
Also Read: ലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജ്യം വിട്ടു, കുടുംബത്തോടൊപ്പം മാലിദ്വീപിലെത്തിയെന്ന് റിപ്പോർട്ടുകൾ